Monday 1 November 2010

ശ്രീരംഗപട്ടണം

പ്രൈമറി സ്ക്കൂളില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ശ്രീരംഗപട്ടണത്ത് പോയത്. അന്ന് കണ്ട കാഴ്ച്ചകളില്‍, ടിപ്പു വെടിയേറ്റ് വീണസ്ഥലത്തിന്റേയും ടിപ്പുവിന്റെ കാരാഗൃഹത്തെപ്പറ്റിയുമുള്ള നേര്‍ത്ത ഓര്‍മ്മകള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിച്ചിരുന്ന കാലത്ത്, വയനാട്ടിലേക്കും മൈസൂരേക്കുമുള്ള യാത്രകള്‍ ശ്രീരംഗപട്ടണവും കടന്നായിരുന്നു.  ബാല്യകാലസ്മരണകള്‍ ഒന്ന് കൊഴുപ്പിച്ചെടുക്കാന്‍, അല്‍പ്പനേരം ശ്രീരംഗപട്ടണത്ത് ചിലവഴിക്കാന്‍ അക്കാലത്തൊന്നും എനിക്ക് കഴിഞ്ഞില്ല. പക്ഷേ, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം കൊടകില്‍ നിന്ന് ബാംഗ്ലൂരേക്കുള്ള യാത്രയില്‍ ഞാനത് മനസ്സില്‍ ഉറപ്പിച്ചിരുന്നു. കേരളത്തിലേക്കുള്ള മടക്കയാത്ര ബാംഗ്ലൂരുനിന്ന് രാവിലെ തന്നെ പുറപ്പെടുക; വൈകുന്നേരം വരെ ശ്രീരംഗപട്ടണത്ത് പഴയ ആ പ്രൈമറി വിദ്യാര്‍ത്ഥിയായിത്തന്നെ ചിലവഴിക്കുക.

എല്ലാം പദ്ധതിയിട്ടതുപോലെ നടന്നു. ബാംഗ്ലൂരിലെ ചില പഴയ സുഹൃത്തുക്കളെയൊക്കെ കണ്ട്, രണ്ട് ദിവസം ചിലവഴിച്ച്, മടങ്ങുന്ന വഴിയില്‍ രാവിലെ തന്നെ ഞങ്ങള്‍ ശ്രീരംഗപട്ടണത്തെത്തി. മൈസൂര് നിന്ന് 19 കിലോമീറ്റര്‍ മാറി മൈസൂര്‍ ബാംഗ്ലൂര്‍ ഹൈവേയില്‍ മാണ്ട്യ ജില്ലയിലുള്ള ശ്രീരംഗപട്ടണത്തിനെച്ചുറ്റി കാവേരി ഒഴുകുന്നതുകൊണ്ട്, ഒരു ദ്വീപാണിത് എന്നത് അധികമാരും മനസ്സിലാക്കാത്ത കാര്യമാണ്.
ശ്രീരംഗപട്ടണം എന്ന ദ്വീപ് - (കടപ്പാട് :- ഗൂഗിള്‍ മാപ്പിനോട്)
ഒരു ഗൈഡ് കൂടെയുണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനാവും, വഴികള്‍ അന്വേഷിച്ച് അലയുകയും വേണ്ട. റോഡരുകില്‍ കാറ് ഒതുക്കിനിര്‍ത്തിയ നിമിഷം തന്നെ രണ്ട് പേര്‍ കാറിനടുത്തെത്തി. കേരളത്തില്‍ നിന്നുള്ള വാഹനം ആണെന്ന് മനസ്സിലാക്കിയിട്ടാകാം അതിലൊരാള്‍ മലയാളത്തില്‍ തന്നെ സംസാരം ആരംഭിച്ചു.

“ഗൈഡ് വേണോ സാര്‍ ? ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട... ഏത് ഭാഷ വേണമെങ്കിലും സംസാരിക്കും സാര്‍“

ഒട്ടും തേടാതെ തന്നെ വള്ളിയിതാ കാലില്‍ ചുറ്റിയിരിക്കുന്നു!

മെനു കാര്‍ഡ് ഇല്ലാത്ത റസ്റ്റോറന്റില്‍ പലഹാരങ്ങളുടെ ലിസ്റ്റ് പറയുന്നതുപോലെ ഒറ്റശ്വാസത്തില്‍ അയാള്‍ ശ്രീരംഗപട്ടണത്ത് പോകാനും കാണാനുമുള്ള സ്ഥലങ്ങളെല്ലാം അക്കമിട്ട് പറഞ്ഞു, 250 രൂപ കൂലിയും പ്രഖ്യാപിച്ചു.
ടൂര്‍ ഗൈഡ് ജയ്‌റാം.
പക്ഷെ ഗൈഡായി കൂടെ വന്നത്, മലയാളം സംസാരിച്ച ഈ വിദ്വാന് പകരം കൂടെയുള്ള രണ്ടാമനാണ്; പേര് ജയ്‌റാം. കക്ഷിക്ക് മലയാളം അറിയില്ല. കന്നട, തമിഴ്, ഹിന്ദി, പിന്നെ മരുന്നിനുള്ള ഇംഗ്ലീഷും അറിയാം. ഇക്കൂട്ടരുടെ പലരുടേയും ഇംഗ്ലീഷ് മനസ്സിലാക്കിയെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെന്ന് മുന്‍ അനുഭവങ്ങളുള്ളതുകൊണ്ട് ഭാഷ ഹിന്ദി തന്നെ മതിയെന്ന് ഉറപ്പിച്ചു. ഹിന്ദിയിലാകുമ്പോള്‍ ഒറ്റപ്രശ്നമേ എനിക്കുള്ളൂ. ‘അഠാരഹ് സൌ തിര്‍പ്പന്‍‘ എന്നോ മറ്റോ ഇവര്‍ പറഞ്ഞാല്‍, പള്ളിപ്പുറം പള്ളിപ്പെരുന്നാളിന് പള്ളിമുറ്റത്തെ പെട്ടിക്കടകളില്‍ വാങ്ങാന്‍ കിട്ടുന്ന തിര്‍പ്പന്‍ ഓര്‍മ്മ വരുമെന്നല്ലാതെ അതേത് കൊല്ലമാണെന്ന് മനസ്സിലാകില്ല. പിന്നെ കൊല്ലക്കണക്ക് മാത്രം വീണ്ടും ഇംഗ്ലീഷില്‍ പറയിപ്പിക്കേണ്ടിവരും.

മുഴങ്ങോടിക്കാരിക്ക് പിന്‍സീറ്റിലേക്ക് സ്ഥാനഭ്രംശം സംഭവിച്ചു. ജയ്‌റാം വണ്ടിയുടെ മുന്‍സീറ്റില്‍ ഇരുപ്പുറപ്പിച്ചു. വാഹനം എങ്ങനെയൊക്കെയാണ് പൊയ്ക്കൊണ്ടിരുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചില്ല. നഷ്ടപ്രതാപത്തിന്റെ ഇടിഞ്ഞുതകര്‍ന്ന സ്മാരകങ്ങള്‍ക്കിടയിലൂടെ ജയ്‌റാം പറഞ്ഞതുപോലൊക്കെ വളയം തിരിക്കുമ്പോള്‍ വഴികളൊന്നും ശ്രദ്ധിക്കാന്‍ എനിക്കായില്ല. കണ്ണുകള്‍ ഉടക്കിവലിക്കപ്പെട്ടത് പൊട്ടിപ്പൊളിഞ്ഞ നിര്‍മ്മിതികളിലൊക്കെയാണ്, മനസ്സ് കടിഞ്ഞാണില്ലാതെ പാഞ്ഞുപോയത് നൂറ്റാണ്ടുകള്‍ പിന്നിലേക്കാണ്.
ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ജാമിയ മസ്‌ജിദ്
ജാമിയ മസ്ജിദിന് മുന്നിലാണ് വണ്ടി ചെന്നെത്തിയത്. മസ്‌ജിദിന്റെ ചുറ്റുവട്ടത്തുനിന്ന് കണ്ടുതുടങ്ങുന്ന പൊട്ടിപ്പൊളിഞ്ഞ ശ്രീരംഗപട്ടണം കോട്ടയുടെ കനത്ത മതിലിന്റെ അവശിഷ്ടങ്ങള്‍ നോക്കെത്താ ദൂരത്തേക്ക് നീണ്ടുനീണ്ട് പോകുന്നുണ്ട്. ചിലയിടങ്ങളില്‍ വാച്ച് ടവറുകളും തകര്‍ന്ന നിലയില്‍ കാണാം. ഈ കൊച്ച് ദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി 4.5 കിലോമീറ്റര്‍ ചുറ്റളവില്‍ കോട്ട പടര്‍ന്ന് കിടക്കുകയാണ്. ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞും നശിപ്പിക്കപ്പെട്ടതുമായ നിലയിലാണെന്ന് മാത്രം. 14-)ം നൂറ്റാണ്ടില്‍ വിജയനഗര രാജാവായ തിമ്മണ്ണ ഹെബ്ബാള ആണ് കോട്ട നിര്‍മ്മിച്ചത്.  ടിപ്പുവിന്റെ കാലത്ത്, കോട്ട കീഴടക്കിയതിനുശേഷം ബ്രിട്ടീഷുകാര്‍ ഇത് വെടിമരുന്നുപയോഗിച്ച് തകര്‍ക്കുകയായിരുന്നത്രേ ! ശത്രുവിന്റെ കോട്ട പിടിച്ചടക്കിയതിനുശേഷം തകര്‍ത്തുകളഞ്ഞ കൂട്ടരുടെ ലിസ്റ്റില്‍ ടിപ്പുസുല്‍ത്താനും ഇടം പിടിച്ചിട്ടുണ്ടല്ലോ?

കോട്ടയില്‍ നിന്ന് മസ്‌ജിദിലേക്ക് കടക്കാം. മൈസൂരിന്റെ സിംഹാസനത്തിലേറിയതിന് ശേഷം ടിപ്പുതന്നെയാണ് 1787 ല്‍ ജാമിയ മസ്ജിദ് ഉണ്ടാക്കിയത്. അദ്ദേഹം ഇമാം ആയി ആദ്യമായി പ്രാര്‍ത്ഥന നടത്തിയതും ജാമിയ മസ്‌ജിദില്‍ ആണെന്ന് പറയപ്പെടുന്നു. വെളിയില്‍ നിന്ന് തന്നെ ഉയര്‍ന്ന് കാണുന്ന രണ്ട് മിനാരങ്ങളാണ് മസ്‌ജിദിന്റെ പ്രധാന ആകര്‍ഷണം. മിനാരത്തില്‍ ഒന്നിന്റെ അരികിലുള്ള പടികള്‍ കയറി മുകളില്‍ എത്തിയപ്പോള്‍ മസ്‌ജിദിന് അകത്ത് കടക്കേണ്ട എന്നായി ഗൈഡ്. അതിനെന്തെങ്കിലും പ്ര്ശനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്ത്രീജനങ്ങളെ വെളിയില്‍ നിറുത്തി ഞാന്‍ മാത്രം അകത്തുകടക്കുന്നതില്‍ വിരോധമില്ലെന്നായി.
മസ്‌ജിദിന്റെ മേല്‍ക്കൂരയിലെ അലങ്കാരപ്പണികള്‍
ടിപ്പുവിന് പ്രിയപ്പെട്ട പാന്‍, മുന്തിരി, ചുവന്ന റോജ, എന്നീ മൂന്ന് കാര്യങ്ങളാണ് മേല്‍ക്കൂരയിലെ അലങ്കാരപ്പണികളില്‍ മുഴുവനും. പുലിയുടെ തോലിന്റെ നിറത്തോട് സാമ്യമുള്ള ചിത്രപ്പണികള്‍ക്ക് മേലെ വൈറ്റ് വാഷ് ചെയ്ത് അതിന്റെ ശരിയായ കളറുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത് ആരായാലും, ചരിത്രസ്മാരകങ്ങളുടെ വിലയറിയാത്തവര്‍ തന്നെ.

ടിപ്പു മസ്‌ജിദില്‍ നമസ്ക്കരിക്കുന്നുണ്ടെന്നറിഞ്ഞാല്‍ മറ്റുള്ള ജനം അകത്തേക്ക് കടക്കാതെ മടിച്ച് നില്‍ക്കുക പതിവായതുകൊണ്ട്, രഹസ്യവാതിലിലൂടെയാണ് ടിപ്പു ഉള്ളിലെത്തിയിരുന്നത്. ആ രഹസ്യവാതില്‍ ഇപ്പോള്‍ ചുമരുകെട്ടി അടച്ചിരിക്കുന്നു. നീളത്തിലുള്ള വരാന്തപോലുള്ള ഉള്‍ച്ചുമരില്‍ ടിപ്പുവിന്റെ തന്നെ പേര്‍ഷ്യന്‍ ഭാഷയിലുള്ള വരികള്‍ വലുതാക്കി എഴുതി തൂക്കിയിരിക്കുന്നു. വരാന്തയുടെ ഭാഗത്തെ ഉത്തരം താങ്ങുന്ന തേക്കിന്റെ വലിയ തടിക്കഷണങ്ങള്‍  ഇക്കാലമത്രയും കാറ്റും മഴയും വെയിലുമൊക്കെ ഏറ്റിട്ടും ഒരു നാശവും സംഭവിക്കാതെ നിലനില്‍ക്കുന്നുണ്ട്.
ടിപ്പു കടന്നുവന്നിരുന്ന വാതില്‍(ചുവന്ന വെളിച്ചമുള്ള ഭാഗം) കെട്ടിയടച്ച നിലയില്‍.
വരാന്തയ്ക്ക് വെളിയിലുള്ള ഒരാള്‍പ്പൊക്കമുള്ള തൂണില്‍ പൊത്തിപ്പിടിച്ച് കയറിയപ്പോള്‍ നിഴലിന്റെ അടയാളം നോക്കി സമയം തിട്ടപ്പെടുത്തുന്ന ഘടികാരത്തിന്റെ, കേന്ദ്രബിന്ദുവിനെ ചുറ്റിയുള്ള വൃത്തങ്ങള്‍‍ കാണാനായി. 24 മണിക്കൂറാണ് ജന്ദര്‍ മന്ദര്‍ എന്ന് വിളിക്കപ്പടുന്ന ഈ ക്ലോക്കില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. പകല്‍ മാത്രമല്ലേ നിഴല്‍ ഉണ്ടാകൂ. പിന്നെന്തിനാണ് 24 മണിക്കൂര്‍ അടയാളങ്ങള്‍ എന്നത് ന്യായമായ സംശയമായിരുന്നു. നിലാവുള്ള രാത്രികളിലും നിഴലിനെ ആശ്രയിച്ചിട്ടുണ്ടാകാം എന്ന് സ്വയം നിഗമനത്തിലെത്തി. എന്തായാലും ഗൈഡില്ലായിരുന്നെങ്കില്‍ കാണാതെ പോകുമായിരുന്ന വിസ്മയമായിരുന്നു അത്.
ആറടിക്ക് മേല്‍ ഉയരമുള്ള ജന്ദര്‍ മന്ദര്‍ തൂണ്.
ജന്ദര്‍ മന്ദര്‍ എന്ന നിഴല്‍ ഘടികാരം - മുകളില്‍ നിന്നുള്ള ദൃശ്യം.
ഇരുനൂറ് പടികള്‍ കയറിയാല്‍ രണ്ട് നിലയുള്ള മിനാരത്തിന്റെ മുകളില്‍ എത്താം. പ്രാവുകള്‍ നിറയെ കൂടുകൂട്ടിയിരിക്കുന്നു മിനാരങ്ങളില്‍‍. സമയ പരിമിതി കാരണം മിനാരത്തിലേക്ക് കയറാന്‍ നിന്നില്ല. ശ്രീരംഗപട്ടണത്തെ എല്ലാ കാഴ്ച്ചകളും ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കുക ബുദ്ധിമുട്ടാണ്. അത്രയ്ക്കധികം ചരിത്രമാണ് ഈ കൊച്ചുപ്രദേശത്ത് ഉറങ്ങുന്നത്.
ചുറ്റും കല്ല് കെട്ടിയ കുളം. ചുമരില്‍ വിളക്ക് തെളിയിക്കുന്ന ദ്വാരങ്ങളും കാണാം.
പള്ളിയുടെ മതില്‍ക്കെട്ടിനകത്തെ കല്ല് കെട്ടിയ ചതുരത്തിലുള്ള കുളത്തില്‍ കാവേരി നദി കയറി ഇറങ്ങിപ്പോകുന്ന സംവിധാനമാണ് ടിപ്പു ചെയ്തിരുന്നത്. മസ്ജിദിലേക്ക് പോകുന്നതിന് മുന്നേ സുല്‍ത്താന്‍  കൈകാലുകള്‍ കഴുകിയിരുന്ന കുളമാണിത്. കോട്ടമതിലുകള്‍ തകര്‍ക്കപ്പെട്ടതോടെ നദീജലം കയറിയിറങ്ങുന്ന സംവിധാനവും നശിപ്പിക്കപ്പെട്ടു. മഴക്കാലത്ത് വീഴുന്ന വെള്ളം മാത്രമാണ് ഇപ്പോള്‍ കുളത്തിലുള്ളത്. കുളത്തിന്റെ കല്‍ച്ചുമരില്‍ വിളക്കുകള്‍ തെളിച്ച് വെക്കാനുള്ള ചെറിയ പൊത്തുകള്‍ കാണാം. പള്ളി വളപ്പില്‍ ചില ശവക്കല്ലറകളുമുണ്ട്. ടിപ്പുവിന്റെ സേനയിലെ ചിലരുടെയും കുട്ടികളുടേയുമൊക്കെ കല്ലറകളാണത്.
ജാമിയ മസ്‌ജിദിന് മുന്നിലെ കല്ലറകള്‍
മസ്ജിദില്‍ നിന്നിറങ്ങി കോട്ടയ്ക്ക് ചുറ്റിലൂടെ ജയ്‌റാം പറഞ്ഞ വഴികളിലൂടെയൊക്കെ വാഹനം കറങ്ങിക്കൊണ്ടിരുന്നു. കോട്ടയുടെ പുറം ചുമരുകള്‍ പലയിടത്തും നശിച്ചെങ്കിലും ഇപ്പോഴും അവശേഷിക്കുന്ന ഒരു ഭാഗമാണ് എലിഫന്റ് ഗേറ്റ്. ആനയ്ക്ക് കടന്ന് പോകാന്‍ പാകത്തില്‍ ഉയരമുള്ള കമാനം തന്നെയാണതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.

വാഹനം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു. ടിപ്പു വെടിയേറ്റ് വീണ സ്ഥലത്തേക്കുള്ള വഴിയില്‍ പഴമയുടെ ഭാരം താങ്ങാനാകാതെ നിലം പൊത്താനായ ഓടിട്ട കെട്ടിടങ്ങള്‍. ചെറുപ്പത്തില്‍ ഞാന്‍ കണ്ട ഒരു കല്ല് തന്നെയാണ് ഇപ്പോഴും വേടിയേറ്റ് വീണ സ്ഥലത്തുള്ളത്. പക്ഷെ ചുറ്റിലും മതില്‍ക്കെട്ടും ഗേറ്റും അതിനൊരു പൂട്ടുമൊക്കെ വന്നിരിക്കുന്നു.
ടിപ്പു വെടിയേറ്റ് വീണ സ്ഥലം
ഇവിടെയാണ് ടിപ്പു വീണത്. വെല്ലസ്ലി സായിപ്പ് ഒരു കല്ല് അവിടെ സ്ഥാപിക്കുകയായിരുന്നു.
സന്ദര്‍ശന സമയമല്ല, അല്ലെങ്കില്‍ കാവല്‍ക്കാരന്‍ സ്ഥലത്തില്ല. അതുകൊണ്ട് തന്നെ ഗേറ്റിനകത്തേക്ക് കടക്കാന്‍ പറ്റിയില്ലെങ്കിലും, വെടിയേറ്റ് മൈസൂര്‍പ്പുലി വീണയിടം മതില്‍ക്കെട്ടിന് വെളിയില്‍ നിന്ന് വ്യക്തമായി കാണാം.

ആ അടയാളക്കല്ലിന് ചുറ്റും കുറേ ഇംഗ്ലീഷ് പട്ടാളക്കാര്‍, മൈസൂര്‍പ്പട, കുറേപ്പേര്‍ വീണുകിടക്കുന്നു, അവിടവിടെയായി ചോര തളം കെട്ടിക്കിടക്കുന്നു. അതിനൊക്കെ നടുക്ക്, തറയില്‍ വീണുകിടക്കുന്ന തൊപ്പിക്ക് അരുകിലായി പിടികൂടപ്പെട്ട് കുതറി നില്‍ക്കുന്ന ടിപ്പു.  ഒരു പോരാളിയുടെ ചെറുത്തുനില്‍പ്പിന്റെ അവസാന നിമിഷങ്ങളാണത്. അതിന്റെ ഒപ്പമുള്ള അലര്‍ച്ചകള്‍, ഞരക്കങ്ങള്‍, ആക്രോശങ്ങള്‍, വെടിയൊച്ചകള്‍, പുകയും പൊടിപടലങ്ങളും‍. പതിനെട്ടാം നൂറ്റാണ്ടിലെ സുപ്രധാനമായ ഒരു കീഴടങ്ങലിന്റെ, ഒരന്ത്യത്തിന്റെ ഭീതിയുണര്‍ത്തുന്ന ഒരു രംഗത്തേക്ക് മനസ്സുകൊണ്ടൊന്ന് പോയി വരാന്‍ ഒരു പാഴ്ശ്രമം നടത്തിനോക്കി ഞാന്‍.

വാട്ടര്‍ ഗേറ്റ് ആണ് വഴിയില്‍ കാണുന്ന മറ്റൊരു പ്രധാന സ്മാരകം. കോട്ടയ്ക്കകത്ത് താമസിച്ചിരുന്നവര്‍ കാവേരിയില്‍ നിന്ന് വെള്ളമെടുക്കാനായി പോയിരുന്ന കവാടം എന്ന നിലയ്ക്കാണ് ഇത് വാട്ടര്‍ ഗേറ്റ് എന്ന് അറിയപ്പെട്ടിരുന്നത്. 1799ല്‍, ടിപ്പുവിന്റെ വലം കൈയ്യും വളരെ വിശ്വസ്തനുമായിരുന്ന മീര്‍ സാദിക്കിനെ മൈസൂരിന്റെ കിരീടം നല്‍കാം എന്നുപറഞ്ഞ് മോഹിപ്പിക്കുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി. മീര്‍ സാദിക്കിന്റെ സഹായത്തോടെ വാട്ടര്‍ ഗേറ്റ് വഴി കോട്ടയ്ക്കകത്തേക്ക് കടന്നാണ് കമ്പനിപ്പട്ടാളം ശ്രീരംഗപട്ടണത്തേയും ടിപ്പുവിനേയും കീഴ്‌പ്പെടുത്തിയത്.
കോട്ടയ്ക്കകത്തേക്ക് ശത്രുക്കള്‍ കയറി വന്ന ‘വാട്ടര്‍ ഗേറ്റ് ’
വാട്ടര്‍ ഗേറ്റ് എന്ന പേര് പെട്ടെന്ന് നെപ്പോളിയന്റെ ‘വാട്ടര്‍ ലൂ‘ ഓര്‍മ്മപ്പെടുത്തി. രണ്ടും പരാജയത്തിന്റെ കഥകളാണല്ലോ! ശ്രീരംഗപട്ടണത്തുവെച്ചുള്ള ടിപ്പുവിന്റെ ഈ പരാജയത്തിന് ചരിത്രത്തില്‍ നെപ്പോളിയനുമായി ഒരു ചെറിയ ബന്ധം തന്നെ ഉണ്ടെന്ന് പറയാം.  ഇന്ത്യയില്‍ അക്കാലത്ത് ഫ്രഞ്ചുകാരുമായി കാര്യമായി സൌഹൃദമുണ്ടായിരുന്നത് ടിപ്പു സുല്‍ത്താന് മാത്രമായിരുന്നു. നെപ്പോളിയന്‍ ഫ്രാന്‍സില്‍ നിന്നും ടിപ്പുവിനെ സഹായിക്കാനായി കപ്പലുകള്‍ നിറയെ ഫ്രഞ്ച് പട്ടാളത്തോടൊപ്പം ആയുധങ്ങളും അയച്ചിട്ടുണ്ടെന്ന്‍ ബ്രിട്ടീഷുകാര്‍ക്ക് രഹസ്യ വിവരം കിട്ടുന്നു. അത് എത്തിക്കഴിഞ്ഞാല്‍ ടിപ്പു കൂടുതല്‍ അപകടകാരിയാകും എന്ന് മാത്രമല്ല, ഇന്ത്യയിലെ തങ്ങളുടെ ആധിപത്യത്തിന് ഫ്രാന്‍സും ഒരു ഭീഷണിയാകും എന്ന് മനസ്സിലാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവര്‍ണ്ണര്‍ ജനറല്‍, റിച്ചാര്‍ഡ് വെല്ലസ്ലിയാണ് നാലാം മൈസൂര്‍ യുദ്ധമെന്ന് അറിയപ്പെടുന്ന ടിപ്പുവിന്റെ ‘വാട്ടര്‍ ലൂ‘ വിന് ധൃതഗതിയില്‍ കളമൊരുക്കുന്നത്.
വാട്ടര്‍ ഗേറ്റ് - മറുവശത്തുനിന്നുള്ള ചിത്രം.
വാട്ടര്‍ ഗേറ്റ് 15 മീറ്ററെങ്കിലും നീളത്തിലുള്ള കമാനമാണ്. കോട്ടവാതിലുകള്‍ പോലെ തന്നെ കനത്തിലുള്ള മരം കൊണ്ടുള്ള മൂന്ന് വാതിലുകള്‍ ഉണ്ടായിരുന്നതില്‍, ആദ്യത്തെ വാതില്‍ നാട്ടുകാര്‍ ഇളക്കിയെടുത്ത് കൊണ്ടുപോയിരിക്കുന്നു. അതിന്റെ കുറ്റിയും ചങ്ങലയും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നുണ്ട്. അവഗണന സമ്മാനിച്ച കേടുപാടുകളേക്കാള്‍ അധികമൊന്നും കോട്ടങ്ങള്‍, കാലത്തിന് ഉണ്ടാക്കാനായിട്ടില്ല ആ ചുമരുകളിലും വാതിലുകളിലുമൊക്കെ. വാട്ടര്‍ ഗേറ്റിന്റെ അടിയിലൂടെ ഉണ്ടായിരുന്ന തുരങ്കവും അതിന്റെ വാതിലുമൊക്കെ പൂര്‍ണ്ണമായും അടഞ്ഞുപോയിരിക്കുന്നു. അവിടമിപ്പോള്‍ അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന വീതിയുള്ള ഒരു ഓവുചാല്‍ മാത്രമാണ്. ഗേറ്റിന്റെ ഇരുവശവും കാവല്‍ക്കാര്‍ക്കായി ഉണ്ടായിരുന്ന കൊച്ചു മുറികളില്‍ ഭിക്ഷക്കാരും അവരുടെ നായ്‌ക്കളും തമ്പടിച്ചു പോരുന്നു. അവര്‍ക്കിപ്പോള്‍ അത് കൈവശാവകാശം കിട്ടാനുള്ള മുറവിളികളാണത്രേ നടക്കുന്നത് ! വേണ്ടവിധം സംരക്ഷിക്കാതെ പോയതുകൊണ്ട് കൈവിട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന വിലമതിക്കാനാവാത്ത അടയാളങ്ങള്‍‍. നമ്മള്‍ക്ക് ചരിത്രത്തോടും അതിന്റെ മണം വിട്ടുമാറാത്ത ഇത്തരം സ്മാരകങ്ങളോടും ഇത്ര അവജ്ഞയും അവഗണനയും എന്തുകൊണ്ടാണ്? ഭാവിയെപ്പറ്റി മാത്രമാണോ ഒരാള്‍, അല്ലെങ്കില്‍ ഒരു ഭരണകൂടം ചിന്തിക്കുക. കടന്നുവന്ന പാതകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലേ ?
പൊളിഞ്ഞ കോട്ട, താഴെ കിടങ്ങും കാവേരിയും
ഗേറ്റ് വഴി അകത്തേക്ക് നടന്ന് കോട്ടമതിലിന്റെ അറ്റത്ത് ചെന്ന് അല്‍പ്പനേരം നിന്നു. കോട്ടമതില്‍ കഴിഞ്ഞാല്‍ കിടങ്ങ്, പിന്നെ കാവേരി. കോട്ടയുടെ പ്രതാപകാലത്ത്, കിടങ്ങില്‍ നിറയെ ചീങ്കണ്ണികളെ വളര്‍ത്തിയിരുന്നതുകൊണ്ട് ശത്രുക്കള്‍ക്ക് കാവേരി നീന്തിക്കടന്ന് കോട്ടയില്‍ പ്രവേശിക്കാന്‍ പറ്റുമായിരുന്നില്ല. കോട്ടയ്ക്ക് താഴെ ഇപ്പോള്‍ കാവേരിയും കിടങ്ങും ഒന്നും വേര്‍‌തിരിച്ച് മനസ്സിലാക്കാനാവാത്തവണ്ണം കാടും പടലും പിടിച്ച് കിടക്കുകയാണ്. ചുറ്റുവട്ടത്തൊക്കെ ശൌചാലയമാണെന്ന് ഒറ്റനോട്ടത്തിലോ ഒറ്റശ്വാസത്തിലോ മനസ്സിലാക്കാനാവും. നോക്കി ചവിട്ടിയില്ലെങ്കില്‍ കാലുകള്‍ അമേദ്യത്തില്‍ ഊന്നിയതുതന്നെ. ഒരാഴ്ച്ച സമയം ചിലവഴിച്ചാല്‍ ഒരു സ്വകാര്യവ്യക്തിക്ക് പോലും വൃത്തിയാക്കി എടുക്കാന്‍ പറ്റുന്ന ഒരു ചരിത്രപ്രധാനമായ ഇടത്തിന്റെ ഗതികേട് എന്നല്ലാതെ എന്തുപറയാന്‍!

ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഓരോ നൂറ് മീറ്ററിലും എന്തെങ്കിലുമൊക്കെ സ്മാരകങ്ങള്‍ ഈ ഭാഗത്തുണ്ട്. ടിപ്പുവിന്റെ നശിപ്പിക്കപ്പെട്ട കൊട്ടാരമായ ലാല്‍ മഹല്‍ പാലസിന്റെ അവശിഷ്ടങ്ങള്‍ വഴിയില്‍ കാണാം. തറനിരപ്പിന് മുകളിലേക്ക് കൊട്ടാരത്തിന്റെ അസ്ഥിപഞ്ചരം പോലും അവശേഷിക്കുന്നില്ല അവിടെ. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ വാതിലുകളും ജനാലകളും അലങ്കാരപ്പണികളും എല്ലാം യുദ്ധകാലത്ത് തന്നെ നാട് കടത്തപ്പെട്ടിരിക്കുന്നു. കൊള്ളയടിച്ച ശേഷം വെടിമരുന്ന് ഉപയോഗിച്ച് കൊട്ടാരത്തെ നാമാവശേഷമാക്കി കളഞ്ഞിരിക്കുന്നു ശത്രുക്കള്‍.
വാട്ടര്‍ ജെയില്‍ - മുകളില്‍ നിന്നുള്ള ദൃശ്യം.
കുട്ടിക്കാലത്തെ സന്ദര്‍ശത്തിന്റെ ഓര്‍മ്മകളില്‍ അല്‍പ്പം ബാക്കി നില്‍ക്കുന്ന കേണല്‍ ബെയ്‌ലിയുടെ(Colonel Bailey‘s Dungeon) കാരാഗൃഹത്തിലേക്കായിരുന്നു വാഹനം ചെന്ന് നിന്നത്. ടിപ്പുവിന്റെ കാരാഗൃഹം എന്ന് പറയുന്നതാകും കൂടുതല്‍ ശരി. 1782 ല്‍ കേണല്‍ ബെയ്‌ലി ഈ കാരാഗൃഹത്തില്‍ വെച്ച് മരിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ക്യാപ്റ്റന്‍ ബെയ്‌ഡ് (Captain Baird) റൂലെ(Rulay) കേണല്‍ ബ്രിത്ത്‌വൈറ്റ്(Colonel Brithwhite) സാം‌പ്‌സണ്‍(Sampson), ഫ്രേസര്‍(Frazer) ലിന്‍‌ഡ്സേ(Lindsay) എന്നിങ്ങനെ ഒരുപാട് വിദേശപട്ടാള ഓഫീസേഴ്‌സിനെ, 30.5 മീറ്റര്‍ നീളവും 12.2 മീറ്റര്‍ വീതിയുമുള്ള ഈ തുറുങ്കില്‍ ടിപ്പു അടച്ചിട്ടിട്ടുണ്ട്.
തടവുകാരുടെ കൈകള്‍ ബന്ധിക്കുന്ന കരിങ്കല്ലുകളാണ് മുഴച്ച് നില്‍ക്കുന്നത്. 
കൈകള്‍ രണ്ടും ചുമരിലുള്ള കല്‍‌പ്പാളികളില്‍ ബന്ധിച്ച് വിരിച്ച് നിര്‍ത്തി, ഇരിക്കാനും പറ്റില്ല നിവര്‍ന്ന് നില്‍ക്കാനും പറ്റില്ല എന്ന ഒരു അവസ്ഥയില്‍, തടവുമുറിയിലേക്ക് ഒരു ദ്വാരത്തിലൂടെ കാവേരീജലം കടത്തിവിടും. വെള്ളം കുടിച്ച് ചാകാതിരിക്കാനായി തടവുപുള്ളികള്‍ യുദ്ധരഹസ്യങ്ങള്‍ തുറന്ന് പറഞ്ഞെന്ന് വരും. എന്നിരുന്നാലും ശിക്ഷ ചിലപ്പോള്‍ മരണം തന്നെ ആയെന്നും വരും.

ഒരു യുദ്ധം എപ്പോഴും സമ്മാനിക്കുന്നത് ഇത്തരം ക്രൂരതകള്‍ തന്നെയാണ്. യുദ്ധത്തിന്റെ ഭാഷയില്‍ ഇതൊക്കെ ന്യായീകരിക്കാനായെന്ന് വരും, പക്ഷെ മനുഷ്യത്വത്തിന്റെ ഭാഷയില്‍ തീര്‍ച്ചയായും ഇതൊക്കെ അനീതിയുടേയും ക്രൂരതയുടേയും മുഖമുദ്രകള്‍ മാത്രമാണ്.
ഇങ്ങനെ എത്രപേര്‍ ഈ തുറുങ്ങില്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടാകാം?
ജയിലേക്ക് ഇറങ്ങിച്ചെന്നപ്പോഴേ മുഴങ്ങോടിക്കാരി വല്ലാതെ അസ്വസ്ഥയായി. ടിപ്പുവിന്റെ അന്ത്യസ്ഥാനത്തുനിന്ന് ചിന്തിച്ചതുപോലെ ഒരു ഫ്ലാഷ്‌ബാക്ക്, ഇവിടെ എനിക്കും  ആലോചിക്കാവുന്നതിനപ്പുറമായിരുന്നു. തുറുങ്കിന്റെ ചുമരുകളില്‍ ചെവിയോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാന്‍ പറ്റുമായിരിക്കും, ശ്വാസകോശത്തിലേക്ക് വെള്ളമിറങ്ങി ചാകാന്‍ തുടങ്ങുന്നവന്റെ അവസാനത്തെ പിടച്ചിന്റേയും വായുവിന്റേയും മാറ്റൊലികള്‍. ഇത്തരം ദുഷ്ടകര്‍മ്മങ്ങള്‍ക്ക് നിമിത്തമാകേണ്ടിവന്നതിന്റെ ദുഃഖം താങ്ങാനാകാതെ ഈ ഭാഗത്തെത്തുമ്പോള്‍ കാവേരി ഇന്നും നെഞ്ചുപൊട്ടി കേഴുന്നുണ്ടാകാം.
കാരാഗൃഹത്തിലെ പീരങ്കി.
തുറുങ്കിനകത്തെ ഒരു പ്രധാന കാഴ്ച്ച വലിയൊരു പീരങ്കിയാണ്. കാരാഗൃഹത്തിന് മുകളിലാണ് ഈ പീരങ്കി സ്ഥാപിച്ചിരുന്നതെങ്കിലും ശ്രീരംഗപട്ടണം പിടിച്ചടക്കപ്പെട്ട കാലഘട്ടത്ത് ഇഷ്ടികയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ തുറുങ്കിന്റെ മേല്‍ക്കൂര പിളര്‍ന്ന് ഈ പീരങ്കി താഴേക്ക് വീണെന്നാണ് പറയപ്പെടുന്നത്. അതിന്റെ തെളിവായി പറയുന്ന, രണ്ട് ദ്വാരങ്ങള്‍ മേല്‍ക്കൂരയില്‍ കാണാനാകുന്നുണ്ട്. കാവേരിയിലൂടെ കോട്ടയ്ക്കകത്തേക്ക് കടക്കാന്‍ ശ്രമിച്ച ശത്രുവിന്റേയും, കാവേരിയുടെ തന്നെയും മാറ് പല പ്രാവശ്യം പിളര്‍ന്ന കൂറ്റന്‍ പീരങ്കി, അതിന്റെയൊക്കെ ശിക്ഷയെന്നോണം ജീവപരന്ത്യം തടവിലാണിപ്പോള്‍.
പീരങ്കി ജയിലിനകത്തേക്ക് പതിച്ച ദ്വാരം.
കാരാഗൃഹത്തിന് വെളിയിലായി ടിപ്പുവിന്റെ ഗോള്‍ഡ് പാലസിലേക്കും മറ്റുമുള്ള രഹസ്യകവാടത്തിന്റേയും തുരങ്കത്തിന്റേയുമൊക്കെ മുന്‍വശം തകര്‍ന്ന് പോയ നിലയില്‍ കുറേനാള്‍ കിടന്നിരുന്നു. ഇപ്പോളത് കല്ല് കെട്ടി പൂര്‍ണ്ണമായും അടച്ച നിലയിടാണ്.
രഹസ്യകവാടങ്ങള്‍ കെട്ടിയടച്ച നിലയില്‍.
അടുത്ത യാത്ര ജയിലിന് തൊട്ടടുത്തുള്ള രംഗനാഥ സ്വാമി ക്ഷേത്രത്തിലേക്കായിരുന്നു. ദൂരെ നിന്ന് തന്നെ ക്ഷേത്രഗോപുരം കാണാനാകുന്നുണ്ട്. തെക്കേ ഇന്ത്യയിലെ ക്ഷേത്രഗോപുരങ്ങള്‍ക്ക് ഉയരക്കൂടുതല്‍ ഉണ്ടെങ്കില്‍ വടക്കേ ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ക്ക് തന്നെയാണ് കൂടുതല്‍ ഉയരം എന്നത് ഒരു പ്രധാന സംഗതിയാണ്. 3 കിലോമീറ്റര്‍ നീളവും 1 കിലോമീറ്റര്‍ വീതിയുമുള്ള ഈ ദ്വീപിന് ശ്രീരംഗപട്ടണം എന്ന പേര് വീഴാനുള്ള കാരണം തന്നെ രംഗനാഥസ്വാമി ക്ഷേത്രമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? നട അടക്കാന്‍ ആയിരിക്കുന്നതുകൊണ്ട് ക്ഷേത്രം ദര്‍ശനം കഴിഞ്ഞുമതി മറ്റ് കാഴ്ച്ചകള്‍ എന്ന് ജയ്‌റാം നിര്‍ദ്ദേശിച്ചു.
ശ്രീരംഗനാഥ ക്ഷേത്രഗോപുരം.
9-)ം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ എ.ഡി. 894 ല്‍, ഗംഗാ സാമ്രാജ്യ രാജാവായ തിരുമലൈയ്യ ആണ് തെക്കേ ഇന്ത്യയിലെ തന്നെ വളരെ പ്രാധാന്യമുള്ള ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് ഹോയ്സള കാലഘട്ടത്തിലും വിജയനഗര ഭരണകാലത്തും മോടി പിടിപ്പിക്കലുകളും പൊളിച്ച് പണികളും പലതും നടന്നിട്ടുമുണ്ട്. അനന്തശയനത്തിലുള്ള വിഷ്ണുവാണ് ഇവിടത്തെ പ്രതിഷ്ഠ. കോവിലിന് അകത്തെ 4.5 മീറ്റര്‍ നീളമുള്ള കൂറ്റന്‍ പ്രതിഷ്ഠ പൂര്‍ണ്ണമായും കാണണമെങ്കില്‍ നടയുടെ മൂന്ന് ഭാഗത്തുനിന്നും മാറി മാറി വീക്ഷിക്കേണ്ടി വരും. നേരെ നിന്ന് നോക്കിയാല്‍ ഭഗവാന്റെ നാഭീപ്രദേശം മാത്രമാണ് കാണാനാകുക. നാഭീഭാഗത്തായി ഭൂദേവിയും ശ്രീദേവിയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വൈകുണ്ഡത്തില്‍ ആദിശേഷന് മുകളില്‍ ശയിക്കുന്ന വിഷ്ണുവിന്റെ പാദഭാഗത്ത് മാഹാലക്ഷ്മിയാണെങ്കില്‍ പകരം ഇവിടെ കാവേരീമാതാവാണ് നിലയുറപ്പിച്ചിരിക്കുന്നത്. അപ്പോള്‍ മഹാലക്ഷ്മിക്ക് സ്ഥാനമില്ലാതാകുമല്ലോ ? അതുകൊണ്ട് മഹാലക്ഷ്മിയെ ഒരു ലോക്കറ്റിന്റെ രൂപത്തില്‍ വിഷ്ണു വിഗ്രഹത്തിന്റെ കഴുത്തിലാണ് അണിയിച്ചിരിക്കുന്നത്.
പ്രതിഷ്ഠയുടെ ഛായാചിത്രം - കടപ്പാട് ക്ഷേത്രസമിതിയോട്.
ശ്രീകോവിലിനെ ഒരു ചുറ്റിട്ട് വരുമ്പോള്‍ കോവിലിന്റെ വെളിയില്‍ വടക്ക് ഭാഗത്തായി വിഷ്ണുഭഗവാന്റെ പാദം വരുന്ന ഭാഗത്തായി ഒരു ജോഡി കാലടയാളം കല്ലില്‍ തീര്‍ത്തിട്ടുണ്ട്. അങ്ങോട്ട് തിരിഞ്ഞ് നിന്ന് കോവിലിന് അകത്തുള്ള മൂര്‍ത്തിയുടെ പാദത്തിലേക്കെന്ന പോലെ തൊഴാനുള്ള സൌകര്യമാണിത്. ശ്രീകോവിലിന്റെ വടക്കുവശത്ത്, ചുറ്റമ്പലത്തിലേക്ക് തുറക്കുന്ന വാതിലിന് പേര് വൈകുണ്ഡ ദ്വാര്‍ എന്നാണ്. ഏകാദശി നാളില്‍ മാത്രമേ ഈ വാതില്‍ തുറക്കുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത.
തൂണുകള്‍ക്കിടയില്‍ ഗരുഢസ്തംഭവും കാണാം - ഗോപുരത്തിന് വെളിയില്‍ നിന്നെടുത്തത്.
അമ്പലത്തിനകത്തെ തൂണുകള്‍ മാത്രം നോക്കിയാല്‍ മതിയാകും ഹോയ്സള രാജാക്കന്മാര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍. ക്ഷേത്രത്തിനകത്ത് മാത്രം ഒന്നിനൊന്ന് വ്യത്യസ്തമായ 740 തൂണുകളുണ്ട്. കര്‍ണ്ണാടകത്തിലെ ബേലൂര്‍, ഹാളേബീഡു എന്നീ ഹോയ്‌സള ക്ഷേത്രങ്ങളില്‍ അത്തരം വ്യത്യസ്തങ്ങളായ നിരവധി കരിങ്കല്‍ തൂണുകള്‍ ദര്‍ശിച്ചത് ഓര്‍മ്മയില്‍ ഇന്നും പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്.
ത്രിരംഗ ദര്‍ശനം - റൂട്ട് മാപ്പ് (കടപ്പാട് ക്ഷേത്രസമിതിയോട്)
ക്ഷേത്രദര്‍ശനം നടത്തി പുണ്യം നേടണമെങ്കില്‍ ‘ത്രിരംഗ ദര്‍ശന‘ എന്നൊരു രീതി തന്നെ അവലംബിക്കാവുന്നതാണ് ക്ഷേത്രപ്രേമികള്‍ക്കും ഭക്തജനങ്ങള്‍ക്കും. ശ്രീരംഗപട്ടണത്തുള്ള ഈ വിഷ്ണുക്ഷേത്രം ആദിരംഗയാണ്. ഇവിടന്ന് 70 കിലോമീറ്ററോളം കിഴക്ക് ദിക്കിലേക്ക് പോയാല്‍ എത്തുന്ന ശിവനസമുദ്രമാണ് മദ്ധ്യരംഗ, അവിടന്ന് 300 കിലോമീറ്ററിലധികം തെക്ക് കിഴക്ക് യാത്രചെയ്ത് എത്തുന്ന അയല്‍‌സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിക്ക് അടുത്തുള്ള ശ്രീരംഗം ക്ഷേത്രത്തിലാണ് അന്ത്യരംഗ. ഈ മൂന്ന് ക്ഷേത്രങ്ങളും ഒരേ ദിവസം തന്നെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത് പുണ്യമായി വിശ്വാസികള്‍ കരുതിപ്പോരുന്നു.
ക്ഷേത്രഗോപുരത്തിന്റെ മറുവശം.
കോവിലിന് ഒരു ചുറ്റിട്ട് പുറത്തേക്ക് കടക്കാനൊരുങ്ങിയപ്പോള്‍ ഹനുമാന്റെ പ്രതിഷ്ഠയുള്ള കോവിലിന് മുന്നിലെ പൂജാരി പെട്ടെന്ന് അടുത്തേക്ക് വിളിച്ച് അല്‍പ്പം ലോഹ്യം കാണിച്ചു. അവിടത്തെ ഹനുമാന്‍ പ്രതിഷ്ഠ അല്‍പ്പം വ്യത്യസ്തതയുള്ളതാണ്. കൈയ്യില്‍ സഞ്ജീവിനി മല, അല്ലെങ്കില്‍ ഗദ, അതുമല്ലെങ്കില്‍ ശ്രീരാമന്റേയും സീതയുടേയും കൂടെ, ഇങ്ങനെയൊക്കെ ആണല്ലോ സാധാരണ ഹനുമാനെ കാണാന്‍ സാധിക്കുക. ഇതൊന്നുമല്ലാതെ നമസ്ക്കരിച്ച് നില്‍ക്കുന്ന ഹനുമാന്റെ അപൂര്‍വ്വമായ ഒരു പ്രതിഷ്ഠയാണ് ഇവിടെ. അയ്യായിരവും, പതിനായിരവും രൂപയൊക്കെ വിലയുള്ള പട്ടുസാരികളാണ് ഹനുമാന് വഴിപാടായി ഭക്തര്‍ കൊടുത്തുപോരുന്നത്. ആ പട്ടുകള്‍ ആറടിയില്‍ അധികം ഉയരമുള്ള ഹനുമാന്റെ ബിംബത്തില്‍ ഉടുപ്പിച്ചിട്ടുമുണ്ട്.

എവിടുന്ന് വരുന്നു, എന്തുചെയ്യുന്നു എന്നൊക്കെ ചോദിച്ച് മലയാളത്തിലൊക്കെ സംസാരിച്ച് ഒരു ദക്ഷിണ കൈക്കലാക്കുക എന്നതുതന്നെയാണ് പൂജാരിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാഞ്ഞിട്ടല്ല, പക്ഷെ അതിനൊരു സൌഹൃദത്തിന്റെ സുഖം അനുഭവപ്പെട്ടു. കുറേ നേരം വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ സംസാരിച്ചതിനുശേഷം, എന്നോടും മുഴങ്ങോടിക്കാരിയോടും നെറ്റി കോവിലിന്റെ നടയ്ക്കല്‍ തൊടീച്ച് കുനിഞ്ഞ് നമസ്ക്കരിക്കാന്‍ ആവശ്യപ്പെട്ടു അദ്ദേഹം. കുനിഞ്ഞ് കിടന്നപ്പോള്‍ ഞങ്ങളുടെ തലകളില്‍ കൈകള്‍ ചേര്‍ത്ത് ആജ്ഞനേയന്റെ അനുഗ്രവും കൈമാറി.

“100 വര്‍ഷം സര്‍വൈശ്വര്യങ്ങളോടും കൂടെ ജീവിക്കാന്‍ സാധിക്കട്ടെ.”

100 കൊല്ലമൊന്നും ജീവിച്ചില്ലെങ്കിലും ഉള്ളകാലം അനാരോഗ്യമൊന്നും ഇല്ലാതെ പോയിക്കിട്ടിയാല്‍ മതി എന്റെ ബജരങ്ക് ബലീ.... എന്ന് മനസ്സില്‍ ഞാനും പ്രാര്‍ത്ഥിച്ചു.

പൂജാരിയോട് നന്ദി പറഞ്ഞ് ശ്രീകോവിലിന് വെളിയില്‍ പ്രസാദമായി വില്‍ക്കുന്ന ലഡ്ഡുവും വാങ്ങി കാറിനടുത്തേക്ക് നടന്നു. പതിവിന് വിപരീതമായി ഇവിടെ കൊടിമരം അല്ലെങ്കില്‍ ഗരുഢസ്തംഭം ചുറ്റുമതിലിന് അകത്താണ്. അതുകൊണ്ടുതന്നെ ക്ഷേത്രഗോപുരത്തിന് വെളിയില്‍ നിന്ന് ഭഗവാനെ തൊഴുത് മടങ്ങുന്നത് അസാദ്ധ്യമാണ്. ദര്‍ശനം വേണമെങ്കില്‍ ഗരുഢസ്തംഭത്തിന്റെ മറ ഒഴിവാക്കാനായി ചുറ്റമ്പലത്തിന് അകത്ത് കടന്നേ പറ്റൂ.

രംഗനാഥക്ഷേത്രത്തിലെ പേരുകേട്ട രഥോത്സവത്തിന് ഉപയോഗിക്കുന്ന രഥം ക്ഷേത്രമതില്‍ക്കെട്ടിന് വെളിയിലായി സൂക്ഷിച്ചിരിക്കുന്നു. അതിരിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ മൂലയില്‍ തൂങ്ങിക്കിടക്കുന്ന രണ്ട് വളയങ്ങള്‍ പൂര്‍ണ്ണമായും കല്ലില്‍ കൊത്തിയെടുത്തിട്ടുള്ളതാണ്. കല്ലില്‍ കവിതയും അത്ഭുതങ്ങളുമൊക്കെ വിരിയിച്ചിരുന്ന പഴയ കാലത്തിന്റെ സംഭാവനകളില്‍ ചെറിയതൊന്ന് മാത്രമാണിത്.
കരിങ്കല്ലില്‍ തീര്‍ത്ത വളയങ്ങള്‍
അടുത്തലക്ഷ്യം ടിപ്പുവിന്റെ സമാധിസ്ഥലമായ ഗുംബസ് ആയിരുന്നു. പിതാവായ ഹൈദരലിയുടെ മരണശേഷം അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലത്ത് 1782-1784 കാലഘട്ടത്തില്‍ ടിപ്പു സുല്‍ത്താന്‍ തന്നെ പണികഴിപ്പിച്ചതാണ് ഗുംബസ്. ടിപ്പുവിന്റെ മാതാവിനേയും അടക്കം ചെയ്തിരിക്കുന്നത് ഇവിടത്തന്നെ. ടിപ്പുവിന്റെ മരണശേഷം 1799 മെയ് 5ന് അദ്ദേഹത്തേയും ഇവിടെ ഖബറടക്കുയായിരുന്നു.
ഗുംബസ്സിന്റെ കവാടം. ദൂരെയായി ഗുംബസും കാണാം.
ഉദ്യാനത്തിന് നടുവിലെ രാജപാതയിലൂടെ ഗുംബസിലേക്ക്.
65 അടി ഉയരമുള്ള ഗുംബസിന്റെ ചുറ്റും വരാന്തയാണ്. വരാന്തയ്ക്ക് വെളിയില്‍ ഗുംബസ്സിന് നാലുവശത്തുമായി 36 കറുത്ത ഗ്രാനൈറ്റ് തൂണുകള്‍. ഹൈദരാലിയുടെ 18 വര്‍ഷത്തെ ഭരണത്തിന്റേയും ടിപ്പുവിന്റെ 18 വര്‍ഷത്തെ ഭരണത്തിന്റേയും പ്രതീകമാണ് പേര്‍ഷ്യയില്‍ നിന്ന് കടല്‍ കടന്നുവന്ന ഈ തൂണുകള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ഓരോ തൂണിനും പതിനായിരക്കണക്കിന് രൂപ ചിലവ് വന്നിട്ടുണ്ടത്രേ! ഇന്നതിന്റെ വിലമതിക്കാനും ആവില്ല. ഇസ്ലാമിക്‍ വാസ്തുശില്പകലയുടെ രൂപസവിശേഷതകള്‍ എല്ലാം ഗുംബസില്‍ ദര്‍ശിക്കാനാവും.
ഗുംബസ് - ഒരു കോണില്‍ നിന്നുള്ള ചിത്രം.
കറുത്ത മാര്‍ബിളില്‍ തീര്‍ത്ത പേര്‍ഷ്യന്‍ തൂണുകള്‍.
ആനക്കൊമ്പുകൊണ്ട് അലങ്കാരപ്പണികള്‍ ചെയ്ത വാതില്‍.
ഗുംബസിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ അകത്ത് പുകയ്ക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ മണമാണ് സ്വാഗതം ചെയ്യുക. ഗുംബസിന്റെ ആറ് വാതില്‍പ്പാളികളും വാതിലുകള്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതായിരുന്നു. മൈസൂര്‍പ്പുലി വീണതോടെ ബ്രിട്ടീഷുകാര്‍ അത് കൊള്ളയടിച്ചു. പിന്നീട് മൈസൂര്‍ മഹാരാജാ കൃഷ്ണരാജ വാഡിയാര്‍ നല്‍കിയ ആനക്കൊമ്പുകൊണ്ട് കൊത്തുപണികളുള്ള വാതിലുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. വെങ്കലത്തില്‍ തീര്‍ത്ത വാതില്‍ക്കൊളുത്തുകള്‍ക്ക് ഒന്നിനും തേയ്‌മാനം ഇല്ലെന്ന് മാത്രമല്ല തിളക്കവും കൂടുതല്‍. ഗുംബസിന് അകത്തെ ചുമരിലും മേല്‍ക്കൂരയിലുമുള്ള 230 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെയിന്റിങ്ങിലെ ഡിസൈനുകള്‍ പുലിയുടെ ദേഹത്തെ വരകളെ അനുസ്മരിപ്പിക്കുന്നു. ഇതേ ഡിസൈനുകളാണ് വൈറ്റ് വാഷ് അടിച്ച നിലയില്‍ ജാമിയ മസ്‌ജിദിന് അകത്ത് കാണപ്പെടുന്നത്.
ചുവരിലേയും മേല്‍ക്കൂരയിലേയും ‘പുലി’ഡിസൈനുള്ള പെയിന്റിങ്ങ്.
ഖബറുകള്‍ - ഇടത്തുനിന്ന് ഫക്രുനിസ, ഹൈദര്‍ അലി, ടിപ്പു.
ഗുംബസിന് ഒത്തനടുക്ക് ടിപ്പുവിന്റെ പിതാവ് ഹൈദര്‍ അലിയും, ഇടതുവശത്ത് മാതാവ് ഫക്രുനിസയും, വലത്തുവശത്ത് സാക്ഷാല്‍ ടിപ്പുസുല്‍ത്താനും അന്ത്യവിശ്രമം കൊള്ളുന്നു. ടിപ്പുവിന്റെ കല്ലറയ്ക്ക് മുകളില്‍ വിരിച്ചിരിക്കുന്ന ചുവന്ന പട്ട് തുണിക്ക് അടിയില്‍ പുലിത്തോലിന്റെ ഡിസൈനുള്ള മറ്റൊരു തുണിയും വിരിച്ചിട്ടുണ്ട്. വരാന്തയില്‍ ടിപ്പു തന്നെ രചിച്ച പേര്‍ഷ്യന്‍ ലിപിയിലുള്ള വരികള്‍ എഴുതി തൂക്കിയിരിക്കുന്നു. ഗുംബസിന്റെ തൊട്ടടുത്ത് തന്നെയുള്ള മസ്‌ജിദ്-എ-അക്‍സ എന്ന പള്ളിയിലാണ്, ഉമ്മയുടേയും ബാപ്പയുടേയും കല്ലറകള്‍ സന്ദര്‍ശിക്കുമ്പോള്‍ ടിപ്പു നമസ്ക്കരിച്ചിരുന്നത്.
മസ്ജിദ്-എ-അക്‍സ
മസ്‌ജിദിന്റെ ഉള്‍ഭാഗം.
നമസ്ക്കാരസമയം ആയതിന്റെ തിരക്കൊഴിയാനായി ഞാന്‍ കാത്തുനിന്നു. നമസ്ക്കാര സമയത്ത് അവിടെ എത്തിപ്പെടാനായ സഞ്ചാരികള്‍ക്ക് ചരിത്രത്തില്‍ ഇടം പിടിച്ച ഒരു പള്ളിയില്‍ നമസ്ക്കരിക്കുന്നതിന്റെ ഭാഗ്യമാണ് കിട്ടിയിരിക്കുന്നത്. ഗുംബസിനും പള്ളിക്കും വെളിയിലായി ഇനിയുമുണ്ട് കല്ലറകള്‍ നിരവധി. പരന്ന മേല്‍ഭാഗം ഉള്ളതൊക്കെ സ്ത്രീകളുടെ കല്ലറകളാണ്, മറ്റുള്ളത് പുരുഷന്മാരുടേതും. ടിപ്പുവിന്റെ ഭാര്യ റുഖിയ ബീഗം, മകന്‍ നിസ്സാമുദ്ദീന്‍ എന്നിവരുടെ ഖബറിന് മുകളില്‍ നിറമുള്ള തുണികള്‍ വിരിച്ചിട്ടുണ്ട്. പടനായകന്മാരില്‍ ചിലര്‍, അടുത്ത ബന്ധുക്കള്‍, മറ്റ് കുട്ടികള്‍ എന്നിങ്ങനെ നിരവധി കല്ലറകള്‍ വേറെയുമുണ്ട്‍. കൂടുതലും കുട്ടികളുടേത് തന്നെ. എത്ര വലിയവനും ആറടി മണ്ണ് എന്നുള്ള തത്വശാസ്ത്രം അന്വര്‍ത്ഥമാക്കിക്കൊണ്ട്, നാടും നാട്ടാരേയും വിദേശിയേയുമൊക്കെ വിറപ്പിച്ച ഒരു രാജാവും കുടുംബവും ഈ കൊച്ചു പ്രദേശത്ത് സമാധികൊള്ളുന്നു.
മറ്റ് ഖബറുകള്‍.
യാത്രയുടെ അന്ത്യപാദത്തിലേക്ക് കടന്നതോടെ വിശപ്പിന്റെ വിളി വല്ലാതെ ആയിട്ടുണ്ട് എല്ലാവര്‍ക്കും. ഉച്ച ഭക്ഷണം ഒന്നും അകത്ത് ചെന്നിട്ടില്ല. ജയ്‌റാമിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് ദരിയ ദൌലത്ത് മഹലിന് മുന്നിലേക്ക് വാഹനം നീങ്ങിക്കൊണ്ടിരുന്നു. അങ്ങോട്ട് വരുന്നില്ലെന്ന് പറഞ്ഞ്, കൈയ്യിലുള്ള ലഘുഭക്ഷണമൊക്കെ കഴിച്ച് നേഹ കാറില്‍ത്തന്നെ ഇരിപ്പായി, കൂട്ടിന് മുഴങ്ങോടിക്കാരിയും. ഞാനും ജയ്‌റാമും കൂടെ ടിക്കറ്റെടുത്ത് ‘കടലിന്റെ സമ്പത്ത്‘ എന്നര്‍ത്ഥം വരുന്ന ദരിയ ദൌലത് മഹലിലേക്ക് നടന്നു. നല്ലൊരു ഉദ്യാനത്തിന്റെ നടുവിലാണ് മഹല്‍ നിലകൊള്ളുന്നത്.
ദരിയ ദൌലത്ത് മഹല്‍ - ഗേറ്റില്‍ നിന്നുള്ള ദൃശ്യം.
ദരിയ ദൌലത്ത് മഹലിന്റെ ഗേറ്റ് - കബൂത്തര്‍ ഖാനകളാണ് വശങ്ങളില്‍.
ടിപ്പുവിന്റെ വേനല്‍ക്കാല കൊട്ടാരം(Tippu's Summer Palace) എന്ന നിലയ്ക്കാണ് ദരിയ ദൌലത് മഹല്‍ കൂടുതലായും അറിയപ്പെടുന്നത്. 1784ല്‍ ആണ് കാവേരിയുടെ തീരത്ത് തേക്ക് കൊണ്ടുള്ള ഈ പാലസ് ടിപ്പു നിര്‍മ്മിച്ചത്. ചുറ്റുമുള്ള വരാന്തകളിലെ ചുമരുകളിലെല്ലാം ടിപ്പുവിന്റെ പടയോട്ടത്തിന്റെയും വിജയത്തിന്റേയും കഥകള്‍ വിളിച്ച് പറയുന്ന പെയിന്റിങ്ങുകളാണ്. അതില്‍ പ്രധാനമായ ഒന്ന് കേണല്‍ ബെയ്‌ലിയുമായി 1780 ല്‍ കാഞ്ചീപുരത്തിനടുത്തുള്ള പൊള്ളിലൂര്‍ എന്ന സ്ഥലത്ത് വെച്ചുണ്ടായ യുദ്ധത്തിന്റേതാണ്. ചില ചിത്രങ്ങള്‍ അവിടവിടെയായി നിറം മങ്ങിയും അടര്‍ന്നും പോയിത്തുടങ്ങിയിരിക്കുന്നു. ദരിയ മഹലിന് അകത്ത് ക്യാമറ ഉപയോഗിക്കാന്‍ പറ്റില്ല എന്നത് എന്നെ നിരാശനാക്കി.
പാലസില്‍ നിന്ന് ഗേറ്റിലേക്ക് ഒരു പീരങ്കി. ഒരാക്രമണം എവിടേയും ഉണ്ടാകാമല്ലോ ?
ചുമര്‍ ചിത്രങ്ങളില്‍ ചിലതില്‍ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ ഗോപുരവും കാണുന്നുണ്ട്. ഇസ്ലാം മതവിശ്വാസങ്ങള്‍ പ്രകാരം കാണിക്കപ്പെടാന്‍ സാദ്ധ്യതയില്ലാത്ത പന്നി എന്ന മൃഗത്തിനെ ഒരു യുദ്ധചിത്രത്തിലെ ഇംഗ്ലീഷ് പട്ടാളക്കാര്‍ക്കിടയില്‍ പ്രത്യേകം ശ്രദ്ധിച്ചു. ഹൈദരാബാദ് നിസ്സാമിനെ മോശക്കാരമായി കാണിച്ചിരിക്കുകയാണ് അതെന്നാണ് ജയ്‌റാം വിശദീകരിച്ചത്. ടിപ്പുവിനെ ആക്രമിക്കാന്‍ വെള്ളപ്പട്ടാളത്തിനൊപ്പം വന്ന നിസ്സാം, പന്നിയെപ്പോലെ മടങ്ങി എന്ന രീതിയിലുള്ള ചിത്രീകരണമാണത്.

ടിപ്പുവിന്റെ ആയുധങ്ങള്‍, രാജവസ്ത്രം, പെന്‍സില്‍ ഉപയോഗിച്ച് വരച്ച അദ്ദേഹത്തിന്റേയും സാമാജികരുടേയും ചിത്രങ്ങള്‍, ടിപ്പുവിനെ കീഴടക്കിയതിന് അംഗീകാരമായി പട്ടാളത്തലവന്മാര്‍ക്കായി ബ്രിട്ടീഷ് ഭരണകൂടം ഇറക്കിയ പിച്ചളയിലും, വെങ്കലത്തിലും, വെള്ളിയിലുമൊക്കെയുള്ള മെഡലുകള്‍ എന്നിങ്ങനെ പോകുന്നു മറ്റ് പ്രധാന പ്രദര്‍ശന വസ്തുക്കള്‍.

വല്ലാതെ ആകര്‍ഷിച്ചത് ജി.എഫ്.ചെറി (G F Cherry) എന്ന സായിപ്പ് 1792 ല്‍ വരച്ച ടിപ്പുവിന്റെ ആറടിയില്‍ അധികം ഉയരം വരുന്ന ഒരു എണ്ണച്ഛായ ചിത്രമാണ്. സര്‍വ്വാഭരണ വിഭൂഷിതനായി തന്റെ അതിപ്രശസ്തമായ വാളുമേന്തി നില്‍ക്കുന്ന ജീവസ്സുറ്റ ടിപ്പു. മൈസൂര്‍ പാലസിലും, കൊച്ചിയിലെ ഡച്ച് പാലസിലുമൊക്കെ കണ്ടിട്ടുള്ള ഇത്തരം എണ്ണച്ഛായച്ചിത്രങ്ങള്‍ക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ചിത്രത്തിന്റെ മുന്‍പില്‍ നിന്ന് നോക്കിയാല്‍ ചിത്രത്തിലെ വ്യക്തി നമ്മെത്തന്നെ നോക്കുന്നതായി തോന്നും. ചിത്രത്തിന്റെ ഏതെങ്കിലും ഒരു വശത്തേക്ക്; അത് വളരെ വലിയ ഒരു കോണിലേക്ക് മാറി നിന്ന് നോക്കിയാലും ചിത്രത്തിലുള്ള ആള്‍ അല്‍പ്പം വശം ചരിഞ്ഞ് നമ്മെത്തന്നെ നോക്കുന്നതായി തോന്നും. ടിപ്പുവിന്റെ ഈ ചിത്രത്തില്‍, മുന്‍‌വശം കൂര്‍ത്തുനില്‍ക്കുന്ന അദ്ദേഹത്തിന്റെ പാദുകം പോലും നമ്മുടെ ദിശയിലേക്ക് തിരിഞ്ഞ് വരുന്നതായി കാണാനാകും എന്നത് ശരിക്കും അതിശയപ്പെടുത്തി. ചിത്രകലയുടെ അപാരമായ ഇത്തരം സങ്കേതങ്ങളും പ്രത്യേകതകളും ഇന്നത്തെ കാലത്ത് പ്രാവര്‍ത്തികമാക്കപ്പെടുന്നുണ്ടോ ? എണ്ണച്ഛായം ഉപയോഗിച്ച് പൂര്‍ണ്ണകായ ചിത്രങ്ങള്‍, ഇക്കാലത്ത് സമ്പന്നര്‍ പോലും വരപ്പിക്കാറുണ്ടോ ആവോ? നമ്മള്‍ പൂര്‍ണ്ണമായും ക്യാമറകളിലേക്ക് തിരിഞ്ഞതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ശ്രീരംഗപട്ടണത്ത് കുറേ സമയം ചിലവഴിച്ചാല്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് യാത്ര ചെയ്തതുപോലെയുള്ള അനുഭവം ഉണ്ടായെന്ന് വരും. ചരിത്രത്തിലെ ഒരുപാട് അമൂല്യമായ സ്മാരകങ്ങള്‍ നിറഞ്ഞ ഈ ദ്വീപിനകം പഴമയുടെ ഒരു പവിഴപ്പുറ്റുതന്നെയാണ്. ഒരു ദിവസം കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍ മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. കുറേ പൊട്ടും പൊടിയും പെറുക്കാനായി ഇനിയും പല ആവര്‍ത്തി വരേണ്ടി വരും.
ദരിയ ദൌലത്ത് മഹലിന് മുന്നില്‍ - ഫോട്ടോഗ്രാഫര്‍:- ജയ്‌റാം.
സ്ക്കൂള്‍ കുട്ടികളുടെ ഒരു വലിയ പറ്റം തന്നെ വന്നുകയറി പാലസിലേക്ക്. ഇനിയങ്ങോട്ട് ഒന്നും മനസ്സമാധാനത്തോടെ കാണാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. ഭാഗ്യത്തിന് അതിനകത്തെ ഒരുവിധം കാഴ്ച്ചകളൊക്കെ അപ്പോഴേക്കും ഞാന്‍ കണ്ടുതീര്‍ത്തിരുന്നു. പാലസിന്റെ വെളിയിലേക്ക് കടന്ന്‍ ഒന്നുരണ്ട് ചിത്രങ്ങളെടുത്ത്, ഞങ്ങള്‍ ഗേറ്റിന് വെളിയിലുള്ള കാറിനടുത്തേക്ക് നടന്നു. ജയ്റാമിനോട് വിടപറയാന്‍ സമയമാകുന്നു. കൊച്ചിയിലേക്കുള്ള ഞങ്ങളുടെ മടക്കയാത്ര മൈസൂര്‍ - ഗുണ്ടല്‍പ്പേട്ട് - വയനാട് - കോഴിക്കോട് വഴിയാണ്.

ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ക്ക് എതിരായി പോരാടിയ ഒരു ധീരയോദ്ധാവ് തന്നെയായിരുന്നു. പക്ഷെ, സുല്‍ത്താന്‍ അതിനിടയില്‍ കുറേ ക്രൂരതകളും ചെയ്തിട്ടില്ലേ ? ടിപ്പുവിനെപ്പറ്റി കേള്‍ക്കുന്ന മോശം പരാമര്‍ശങ്ങളിലൊക്കെ എത്രത്തോളം നെല്ലുണ്ട് ? എത്രത്തോളം പതിരുണ്ട് ? ടിപ്പുവിന്റെ കേരളത്തിലേക്കുള്ള പടയോട്ടങ്ങളൊക്കെ എന്തിന് വേണ്ടിയായിരുന്നു? സാമ്രാജ്യവികസനമോ ശത്രുസംഹാരമോ അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ അതിന് പിന്നിലുണ്ടായിരുന്നോ ?

പലപ്പോഴും മനസ്സില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ചോദ്യങ്ങളില്‍ ചിലത് മാത്രമാണ് ഇതൊക്കെ. ഓരോരോ സമയത്ത്, അതിനൊക്കെ ഉത്തരം തേടിയിറങ്ങിയപ്പോള്‍ കിട്ടിയിട്ടുള്ള പുതിയ കഥകളും, ചരിത്രസത്യങ്ങളുമൊക്കെ ഹരം പിടിപ്പിക്കുന്നതായിരുന്നു.
ടിപ്പുവിന്റെ അന്ത്യരംഗം-പ്രശസ്തമായ ഒരു പെയിന്റിങ്ങ്.(കടപ്പാട് ചിത്രകാരനും ഗൂഗിളിനും‍)
ചരിത്രം അങ്ങനെയാണ്; കിളച്ച് മറിക്കുന്തോറും പുതിയത് ഓരോന്ന് പൊന്തിവരാന്‍ തുടങ്ങും. പിന്നെ അതിന്റെ പിന്നാലെ കുറേ നാള്‍ പോകാം, വീണ്ടും കിളച്ച് മറിക്കാം. അതൊരു രസമുള്ള ഏര്‍പ്പാടാണ്. ഇത്തരം യാത്രകള്‍ ചെയ്ത് മടങ്ങുമ്പോഴും പിന്നീട് കുറേക്കാലത്തേക്കും ആ രസച്ചരടുകള്‍ തീര്‍ക്കുന്ന ചില സമസ്യകളുടെ കുടുക്കുകള്‍ ഒപ്പമുണ്ടാകും. അതഴിക്കാനൊന്നും പറ്റിയെന്ന് വരില്ല. അതിലങ്ങനെ കെട്ടുപിണഞ്ഞ് കിടക്കുന്നതിനും ഒരു സുഖമുണ്ടെന്ന് പറയാതെ വയ്യ.

Tuesday 5 October 2010

കൊടകിൽ‍, കുശാല്‍ നഗറില്‍

കൊടക്..... സുന്ദരികളില്‍ സുന്ദരികളായ സ്ത്രീകളുടെ നാടായ കൊടക്. യവന ചക്രവര്‍ത്തി അലക്‍സാണ്ടര്‍ ഇന്ത്യയില്‍ വന്നത് വഴി ഉള്ളവര്‍‍, ഇറാക്കിലെ കുര്‍ദ്ദില്‍ നിന്ന് വന്നവര്‍ എന്നിങ്ങനെയുള്ള സ്ഥിരീകരിക്കാത്ത വ്യാഖ്യാനങ്ങള്‍ക്ക് പുറമേ, മധുരാപുരി കടലെടുക്കുന്നതിന് മുന്നേ ഗോപികമാര്‍ കുടിയിരുത്തപ്പെട്ട സ്ഥലമെന്നും, വഴിവിട്ട സ്വര്‍ഗ്ഗജീവിതം നയിച്ച ദേവസ്ത്രീകള്‍ സൃഷ്ടാവിന്റെ ശാപമേറ്റ് ഭൂമിയില്‍ വന്നുപിറന്ന ഇടമെന്നുമൊക്കെയുള്ള ഐതിഹ്യങ്ങളും കൊടകിനെപ്പറ്റി കേട്ടിട്ടുണ്ട്.

പുരാണവും ചരിത്രവുമൊക്കെ എന്തായാലും ശരി, എനിക്കറിയുന്ന കൊടക് സ്ത്രീകളൊക്കെ മുറ്റ് സുന്ദരികള്‍ തന്നെയാണ്. ഇക്കൂട്ടര്‍ക്ക് പരമ്പരാഗത തെക്കേ ഇന്ത്യന്‍ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമായ മുഖസൌന്ദര്യമോ ശരീരപ്രകൃതമോ ആകാരവടിവോ ആണെന്നുള്ളതില്‍ സത്യമില്ലാതില്ല. ഇതൊക്കെ മുകളില്‍പ്പറഞ്ഞ കാര്യങ്ങളുമായി എത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നു എന്നത് ആരെങ്കിലും ഗവേഷണം നടത്തി തെളിയിക്കേണ്ട കാര്യങ്ങളാണ്. മറാഠി സ്ത്രീകള്‍ കഴിഞ്ഞാല്‍ കൊടക് സ്ത്രീകളെയാണ് തന്റെ മോഡലുകളായി സാക്ഷാല്‍ രാജാ രവിവര്‍മ്മ പോലും തിരഞ്ഞെടുത്തിരുന്നതെന്നും കേള്‍വിയുണ്ട്. 

കൂര്‍ഗ്ഗ് എന്നുകൂടെ അറിയപ്പെടുന്ന കര്‍ണ്ണാടകത്തിലെ ആ മനോഹര ഭൂവിലേക്ക് എത്രപ്രാവശ്യം ഞാന്‍ യാത്രപോയിട്ടുണ്ടെന്ന് കൃത്യമായി എണ്ണം വെച്ചിട്ടില്ല. കണ്ണൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി പോയതെന്ന് നന്നായിട്ട് ഓര്‍ക്കുന്നു. പിന്നീട് വയനാട് യാത്രകള്‍ ഒരു പതിവായി മാറിയപ്പോള്‍, വയനാട്ടില്‍ ചെന്ന് അവിടന്ന് പലവട്ടം. എന്തിനേറെ പറയുന്നു, വിവാഹം കഴിഞ്ഞ് മുഴങ്ങോടിക്കാരിയുമായി ആദ്യമായിട്ട് യാത്ര പോയതും കൊടകിലേക്ക് തന്നെയായിരുന്നു. (നാട്ടുനടപ്പ് പ്രകാരം പറഞ്ഞാല്‍ ഹണിമൂണ്‍ യാത്ര.) പിന്നീട് ബാംഗ്ലൂര്‍ ജീവിതകാലത്തും കൊടകിലേക്ക് പോകാനായിട്ടുണ്ടെങ്കിലും, മകള്‍ നേഹ വളര്‍ന്നതിനുശേഷം ഒരിക്കല്‍ക്കൂടെ പോകാന്‍ അവസരം ഒത്തുവന്നത് ഇക്കഴിഞ്ഞ ഓണക്കാലത്താണ്.

മുഴങ്ങോടിക്കാരിയുടെ സഹപ്രവര്‍ത്തക സുജാത മാധവ്, ഭര്‍ത്താവ് മാധവ് ചന്ദ്രന്‍, മക്കള്‍ ഋഷി, മിഹിര്‍ പിന്നെ ഞങ്ങള്‍ മൂന്ന് പേരുമടങ്ങുന്ന സംഘം, 2 കാറുകളിലായി എറണാകുളത്തുനിന്ന് യാത്ര തിരിച്ചത് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (TCS) എന്ന കമ്പനിയുടെ ഗോണിക്കുപ്പയിലുള്ള ഗസ്റ്റ് ഹൌസിലേക്കായിരുന്നു. അവിടെ താമസത്തിനുള്ള ഏര്‍പ്പാടെല്ലാം ശരിയാക്കി വെച്ചിരുന്നത് സുജാതയായിരുന്നു. ചില സുഹൃത്തുക്കളെ കാണാനായി ബാംഗ്ലൂര്‍ക്ക് ഒന്ന് പോകണമെന്ന് കരുതിയിരിക്കുമ്പോഴാണ് കൂര്‍ഗ്ഗിലേക്ക് പോകാനായി മാധവ് ഫാമിലിയുടെ ക്ഷണം കിട്ടുന്നത്. കൂര്‍ഗ്ഗില്‍ നിന്ന് ബാംഗ്ലൂര്‍ക്ക് പോകാന്‍ എളുപ്പമാണെന്നുള്ളത് ഈ യാത്രാക്ഷണം നിരസിക്കാതിരിക്കാന്‍ പ്രധാന കാരണമായി. എല്ലാം വളരെ പെട്ടെന്നായിരുന്നു. കാര്യമായ തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല. അടുത്ത കാലത്തൊന്നും ഇതുപോലെ തയ്യാറെടുപ്പൊന്നും ഇല്ലാതെ ഒരു യാത്ര പുറപ്പെട്ടിട്ടില്ല. പല പ്രാവശ്യം പോയിട്ടുള്ള സ്ഥലമായതുകൊണ്ടാകാം തയ്യാറെടുപ്പുകള്‍ ഇല്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നെങ്കിലും മുഴങ്ങോടിക്കാരി അസ്വസ്ഥയായിരുന്നു.
താമരശ്ശേരി ചുരത്തില്‍ നിന്ന് ഒരു താഴ്‌വരക്കാഴ്ച്ച.
NH 17 വഴി കോഴീക്കോട്ട് ചെന്ന് താമരശ്ശേരി വഴി NH 212ല്‍ ക്കയറി വയനാട്ടിലേക്ക്. മാനന്തവാടിയില്‍ നിന്ന് തിരുനെല്ലി റൂട്ടിലൂടെ നീങ്ങി, കുട്ടേട്ടന്റെ ചായക്കടയിലെ പ്രശസ്തമായ ഉണ്ണിയപ്പത്തിന്റെ മണം പരക്കുന്ന തെറ്റ് റോഡില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ ചെന്നെത്തുന്നത് കര്‍ണ്ണാട സംസ്ഥാനത്തിലെ അതിര്‍ത്തി ഗ്രാമമായ ‘കുട്ട‘ യിലാണ്. കുട്ടയില്‍ നിന്ന് ഗോണിക്കുപ്പയിലേക്കുള്ള 30 കിലോമീറ്ററിലധികം ദൂരം എന്നത്തേയും പോലെ പൊട്ടിപ്പൊളിഞ്ഞ് തന്നെയാണ് കിടക്കുന്നത്.
വലത്തേക്ക് തെറ്റിയാല്‍ കുടക്, ഇടത്തേക്ക് തിരുനെല്ലി.(ചിത്രം - കൃഷ്ണകുമാര്‍ 513)
ഗോണിക്കുപ്പയ്ക്കടുത്ത് യമ്മിഗുണ്ടിയിലുള്ള TCS ഗസ്റ്റ് ഹൌസിലേക്കുള്ള വഴി ഫോണിലൂടെ വിളിച്ച് ചോദിച്ച് മനസ്സിലാക്കിയാണ് എത്തിച്ചേര്‍ന്നത്. ഈ പ്രദേശമാകെ ടാറ്റയുടെ കാപ്പിത്തോട്ടങ്ങളാണ്. അതിനിടയില്‍ അവിടവിടെയായി ചില ഗസ്റ്റ് ഹൌസുകളും റിസോര്‍ട്ടുകളുമൊക്കെയായി പ്ലാന്റേഷന്‍ ട്രെയില്‍ എന്ന പേരില്‍ ടൂറിസവും നടന്നുപോകുന്നു. ടാറ്റ ജീവനക്കാരാണ് ഈ വഴി വന്ന് തങ്ങി ഒഴിവുദിവസങ്ങള്‍ ആസ്വദിച്ച് പോകുന്നതില്‍ ഭൂരിഭാഗവും. എലിഫന്റ് കോറിഡോര്‍ എന്ന് ബോര്‍ഡ് വെച്ചിരിക്കുന്ന കാട്ടുവഴിയിലൂടെയാണ് ‘യമ്മിഗുണ്ടി‘ കോട്ടേജ് എന്ന TCS ഗസ്റ്റ് ഹൌസിലേക്ക് ചെന്നുകയറിയത്. ആനയിറങ്ങുന്ന വഴിയാണെന്ന് പേരില്‍ നിന്ന് തന്നെ വ്യക്തം. സമയം ഉച്ചയ്ക്ക് 3 മണി കഴിഞ്ഞിരുന്നതുകൊണ്ട്,  ദീര്‍ഘദൂരയാത്രയുടെ ക്ഷീണം തീര്‍ക്കാനായി ബാക്കിയുള്ള സമയം ഗസ്റ്റ് ഹൌസില്‍ത്തന്നെ വെടിവട്ടം കൂടി.
യമ്മിഗുണ്ടി കോട്ടേജ് - (TCS ഗസ്റ്റ് ഹൌസ്)
മുന്‍‌കാലങ്ങളില്‍ കൊടകിലെ കുശാല്‍നഗര്‍, കാവേരി നിസര്‍ഗ്ഗധമ, എബ്ബി ഫാള്‍സ്, വീരഭൂമി, മര്‍ക്കാറ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായിട്ടുണ്ട്‍. എത്രപോയാലും ഒന്നുകൂടെ പോകാന്‍ ഞാന്‍ തയ്യാറുള്ള സ്ഥലങ്ങളാണിതൊക്കെ. ഇന്ത്യയുടെ സ്‌ക്കോട്ട്‌ലാന്‍‌ഡ് എന്നൊരു പേരുതന്നെയുണ്ട് കൂര്‍ഗ്ഗിന്. ആ പേര് വന്നതിന്റെ കാരണം കൃത്യമായി മനസ്സിലാക്കാനായത് ഒരിക്കല്‍ സ്‌ക്കോട്ട്‌ലാന്‍ഡ് സന്ദര്‍ശിക്കാനുള്ള അവസരമുണ്ടായതുകൊണ്ടാണ്. സ്‌ക്കോട്ട്‌ലാന്‍ഡിലേയും കൊടകിലേയും ചില പ്രദേശങ്ങളിലെയെങ്കിലും ഭൂപ്രകൃതി വളരെയധികം സാമ്യമുള്ളതാണ്. പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞതും നിമ്നോന്നതമായതുമായ കൃഷിയിടങ്ങള്‍ കൊണ്ട് അനുഗൃഹീതവുമായ കൊടകിന്റെ ഭംഗി പലപ്പോഴും, മറ്റേതോ രാജ്യത്ത് ചെന്നുപെട്ട പ്രതീതി ജനിപ്പിക്കാറുണ്ട്.

രണ്ടാം ദിവസം മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ ചിലയിടത്തെങ്കിലും പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. രാവിലെ തന്നെ ഗസ്റ്റ് ഹൌസില്‍ എത്തിയ പ്ലാന്റേഷന്‍ ട്രെയില്‍ മാനേജര്‍ പൂവയ്യ വഴിയെല്ലാം വളരെ കൃത്യമായി പറഞ്ഞ് മനസ്സിലാക്കിത്തന്നു. ബാക്കിയുള്ള സഹായം നേവിഗേറ്ററും തരുമെന്നുള്ളതുകൊണ്ട് അതിനെയെടുത്ത് മാധവിന്റെ കാറില്‍ സ്ഥാപിച്ച് എല്ലാവരും കൂടെ ആ കാറില്‍ത്തന്നെ ഇടിച്ചുകയറി യാത്ര പുറപ്പെട്ടു. കുശാല്‍ നഗറില്‍ പട്ടണത്തില്‍ നിന്ന് അല്‍പ്പം വിട്ടുമാറി ബൈലക്കുപ്പയിലുള്ള (Bylakuppe) ടിബറ്റ്യന്‍ കോളനിയും ഗോള്‍ഡന്‍ ടെമ്പിളുമായിരുന്നു ആദ്യലക്ഷ്യം.

1950 ലെ ചൈനയുടെ ടിബറ്റ് അധിനിവേശത്തിന് ശേഷം അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്കെത്തിയ ഒന്നര ലക്ഷത്തോളം വരുന്ന ടിബറ്റുകാരില്‍ കുറേയേറെപ്പേര്‍ ഹിമാലയത്തിലെ ധര്‍മ്മശാലയില്‍ കുടിയേറി. അക്കൂട്ടത്തില്‍ നല്ലൊരു ഭാഗം ടിബറ്റുകാര്‍ ബൈലക്കുപ്പയിലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലേക്കാണ് ചേക്കേറിയത്.1961 ല്‍ ലുഗ്‌സം സാംഡുപ്ലിങ്ങ് (Lugsum Samdupling), 1969 ല്‍  ഡിക്കിയി ലാര്‍സോ(Dickyi Larsoe)  എന്നീ പേരുകളുള്ള‍, ബൈലക്കുപ്പയിലെ രണ്ട് ടിബറ്റ്യന്‍ കോളനികളില്‍ അവര്‍ ജീവിതം കെട്ടിപ്പടുത്തു. പിന്നീടങ്ങോട്ട് തങ്ങളുടെ കൃഷിയിടങ്ങളില്‍ അവര്‍ പൊന്നുവിളയിച്ചു. ആരാധനാലയങ്ങള്‍ സ്ഥാപിച്ചു, മൊണാസ്‌ട്രികളും ആതുരാലയ സ്ഥാപനങ്ങളും വരെ പണിതുയര്‍ത്തി.

കുശാല്‍നഗറിലെ തെരുവുകളില്‍ ചില സമയത്ത് ചെന്നുപെട്ടാല്‍ ടിബറ്റില്‍ എവിടെയോ ആണെന്ന പ്രതീതിയാണ് ഓരോ സഞ്ചാരികള്‍ക്കും ഉണ്ടാകുക. മെറൂണും മഞ്ഞയും നിറത്തിലുള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് വലുതും ചെറുതുമായ ലാമമാരുടെ ഘോഷയാത്ര തന്നെ ചിലപ്പോള്‍ കണ്ടെന്ന് വരാം. പണം മുടക്കി ടിബറ്റ് വരെ പോകാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് കുറഞ്ഞ ചിലവില്‍ ടിബറ്റില്‍ ചെന്നുപെട്ടതിന്റെ അനുഭവമാണ് കുശാല്‍ നഗറും ബൈലക്കുപ്പയും പ്രദാനം ചെയ്യുന്നത്.
ലാമമാര്‍ക്കൊപ്പം മുഴങ്ങോടിക്കാരി - 10 വര്‍ഷം മുന്‍പെടുത്ത ചിത്രം.
ഞാനിപ്പോഴും ഓര്‍ക്കുന്നു.... മുഴങ്ങോടിക്കാരിയുമായി കുശാല്‍ നഗറിലേക്കുള്ള ആദ്യത്തെ യാത്ര. തിരക്കുള്ള വീഥികളില്‍ ഒന്നില്‍ നിന്ന് രണ്ട് ലാമമാര്‍ ഞങ്ങള്‍ക്കൊപ്പം വാഹനത്തില്‍ കയറി, കോളനി വരെ വഴികാട്ടികളായി. കോളനിയിലേക്കുള്ള വഴിയിലേക്ക് കയറിയാല്‍ നമ്പറിട്ട് തിരിച്ചിരിക്കുന്ന സെറ്റില്‍‌മെന്റുകള്‍, കൊച്ചുകൊച്ച് ആരാധനാലയങ്ങള്‍, കടകള്‍, റോഡിനിരുവശത്തും ഏക്കറുകണക്കിന് ചോളപ്പാടങ്ങള്‍, അതിനിടയിലൂടെ നടന്നും ബൈക്കിലുമൊക്കെയായി സഞ്ചരിക്കുന്ന ലാമമാര്‍, പല പ്രായത്തിലുള്ള ലാമമാരല്ലാത്ത ടിബറ്റുകാര്‍. ആദ്യമായി കുശാല്‍നഗറില്‍ എത്തിയപ്പോള്‍ ഈ കാഴ്ച്ചകളൊക്കെ ഞാന്‍ നോക്കിക്കണ്ടത് അത്ഭുതം കൂറുന്ന കണ്ണുകളോടെയാണ്. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും, പല പ്രാവശ്യം ഈ വഴി വന്ന് പോയിട്ടും ബൈലക്കുപ്പയിലെ കാഴ്ച്ചകള്‍ എനിക്കിന്നും പുതുമയുള്ളത് തന്നെയാണ്. 
ഗോള്‍ഡന്‍ ടെമ്പിളിന്റെ കവാടം.
കോളനികളും കഴിഞ്ഞ് നീളുന്ന വഴി അവസാനിക്കുന്നത് ഗോള്‍ഡന്‍ ടെമ്പിളിന്റെ ഗേറ്റിന് മുന്നിലാണ്. സുവര്‍ണ്ണ മകുടങ്ങളാല്‍ അലംകൃതമായ ചൈനീസ് മാതൃകയിലുള്ള കവാടം കാണുമ്പോള്‍ത്തന്നെ അകത്ത് കാത്തിരിക്കുന്ന കാഴ്ച്ചകളെപ്പറ്റി ആര്‍ക്കും ഊഹിക്കാനാവും. 15 വര്‍ഷം മുന്നേ ഞാന്‍ കണ്ടതുപോലല്ല ഇപ്പോള്‍ ഈ പ്രദേശം. നിറയെ കടകള്‍; ഷോപ്പിങ്ങ് കോമ്പ്ലക്സുകള്‍ എന്ന് തന്നെ പറയാം, ഭോജനശാലകള്‍, പേയ്ഡ് പാര്‍ക്കിങ്ങ് ഇടങ്ങള്‍. എല്ലാം കുറേക്കൂടെ വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. വാഹനം പാര്‍ക്ക് ചെയ്ത് എല്ലാവരും പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടന്നു. ചുറ്റിലും മോണാസ്‌ട്രിയില്‍ പഠിക്കാനെത്തിയിരിക്കുന്ന ലാമമാര്‍ക്കുള്ള ഹോസ്റ്റലുപോലെയുള്ള താമസ സ്ഥലങ്ങളാണ്.
ആദ്യ ദേവാലയത്തില്‍ സ്വാഗതം ചെയ്യുന്നത് ദലൈലാമയാണ്.
മുകളിലെ ചിത്രത്തിലെ ദേവാലയം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.
മുന്നോട്ട് നടക്കുമ്പോള്‍ ആദ്യം കാണുന്ന കൊച്ചു ദേവാലയത്തിന്, ഇക്കഴിഞ്ഞ 10 കൊല്ലത്തിനകം കാര്യമായ വ്യത്യാസങ്ങള്‍ വന്നുചേര്‍ന്നിരിക്കുന്നു. കെട്ടിടത്തിന് മുകളില്‍ക്കാണുന്ന ദലൈലാമയുടെ വലിയ ചിത്രവും ക്ഷേത്ര ഗോപുരവുമൊക്കെ പുതുതായി കൂട്ടിച്ചേര്‍ത്തതാണ്. അവിടന്ന്  ഇടത്തേക്ക് തിരിഞ്ഞാല്‍ കാണുന്നത് ചൈനീസ് വാസ്തുശില്‍പ്പ മാതൃകയിലുള്ള മനോഹരമായ സുവര്‍ണ്ണ ക്ഷേത്രമാണ്. ക്ഷേത്രാങ്കണത്തിലെ പുല്‍ത്തകിടിയും അതിന് മുന്നില്‍ ഉറപ്പിച്ചിരിക്കുന്ന വലിയ മണിയുമൊക്കെ ക്ഷേത്രഭംഗിയ്ക്ക് മാറ്റുകൂട്ടുന്നു. 
ബൈലക്കുപ്പയിലെ ടിബറ്റ്യന്‍ സുവര്‍ണ്ണ ക്ഷേത്രം.
എത്രയോ വ്യത്യസ്തമായ ദേവാലയങ്ങള്‍ കണ്ടിരിക്കുന്നു ഈ കാലയളവില്‍! പക്ഷെ, ഈ ബുദ്ധദേവാലയത്തിന്റെ ഭംഗി, അതിലേക്ക് കടന്നാലുള്ള നിശബ്ദത, ഏകാന്തത... പല പ്രാവശ്യം ഞാനത് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. മുന്‍പൊക്കെ വന്നപ്പോള്‍ ആരും ഇല്ലാതെ കയറിയിറങ്ങി ആവശ്യത്തിന് പടങ്ങളെടുത്ത് വിഗ്രഹങ്ങളുടെ ഭംഗി ആവോളം ആസ്വദിച്ച് നില്‍ക്കാനായിട്ടുണ്ട്. പക്ഷെ, ഇപ്രാവശ്യം ലാമമാരുടെ പ്രാര്‍ത്ഥന അല്ലെങ്കില്‍ പഠനം നടക്കുന്ന സമയമായിരുന്നു. എന്നിട്ടും അവരതിനകത്തേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നു എന്നുള്ളത് ഒരു നല്ല കാര്യം തന്നെയായിത്തോന്നി. മൂര്‍ത്തികള്‍ക്ക് മുന്നിലേക്കും മറ്റ് ചില ഇടങ്ങളിലേക്കും കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ കെട്ടിയിട്ടുണ്ടായിരുന്നു.
ക്ഷേത്രത്തിനകത്ത് മന്ത്രോച്ഛാരണങ്ങളുമായി ലാമമാര്‍.
പ്രധാന ഹാള്‍ നിറയെ ലാമമാര്‍. ഉയരം കുറഞ്ഞ ഡെസ്‌ക്കുകള്‍ക്ക് മുന്നില്‍ അതിലേറേ ഉയരം കുറഞ്ഞ ഇരിപ്പിടങ്ങളില്‍ ഇരുന്നാണ് പഠനം. അത്രയധികം ലാമമാരെ ഒരുമിച്ച് ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഹാളില്‍ മന്ത്രോഛാരണങ്ങള്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. കൈയ്യിലുള്ള തുകല്‍ ഉടുക്ക് പോലുള്ള വാദ്യോപകരണം എല്ലാവരും ഒരുമിച്ച് മുഴക്കുമ്പോള്‍ ഹാളാകെ മുഴങ്ങുന്നു, ഭക്തിസാന്ദ്രമാകുന്നു. ഇടയ്ക്കിടയ്ക്ക് നീളമുള്ള പൈപ്പ് പോലുള്ള വാദ്യോപകരണത്തിന്റെ ശബ്ദവും ഉയരുന്നുണ്ട്. പ്രധാന ക്ഷേത്രത്തിന് വെളിയിലുള്ള കെട്ടിടത്തില്‍ നിന്നും ശബ്ദഘോഷങ്ങള്‍ കേട്ടുകൊണ്ടേയിരുന്നു.
ക്ഷേത്രത്തിനകത്തെ സുവര്‍ണ്ണ വിഗ്രഹങ്ങള്‍.
ദേവാലയത്തില്‍ തറയില്‍ നിന്ന് 60 അടി ഉയരത്തിലേക്ക് നില്‍ക്കുന്ന സ്വര്‍ണ്ണനിറത്തിലുള്ള 3 മൂര്‍ത്തികളാണുള്ളത്. പ്രതിമകളുടെ മാത്രം ഉയരം 30 അടിക്ക് മേലെ വരും. നടുവിലത്തേത് ശ്രീബുദ്ധന്‍ തന്നെ എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല.

ശ്രീബുദ്ധനെപ്പറ്റി നമുക്കൊക്കെ അറിയുന്ന ഒരു കഥയുണ്ടല്ലോ ... 2547 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശുദ്ധോദന മഹാരാജാവിന്റേയും മായാദേവി രാജ്ഞിയുടേയും മകനായി ലുംബിനിയില്‍ (ഇന്നത്തെ നേപ്പാള്‍ പ്രവിശ്യ) ജനിച്ച സിദ്ധാര്‍ത്ഥന്‍ എന്ന രാജകുമാരന്റെ കഥ....  അക്കൂട്ടത്തില്‍ പഠിക്കാതെയും മനസ്സിലാക്കാതെയും പോയ ബുദ്ധമതത്തിലെ ഒരുപാട് കാര്യങ്ങള്‍ ഈ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്നാണ് എനിക്ക് അറിവായത്.

ശാക്യമുനി, എന്നാണ് ബുദ്ധിസത്തിന്റെ ഉപജ്ഞാതാവായ സിദ്ധാര്‍ത്ഥനെ അഥവാ ശ്രീബുദ്ധനെ ബുദ്ധമതത്തില്‍ പരാമര്‍ശിക്കുന്നത്. 1002 ബുദ്ധന്മാര്‍ ഈ ലോകത്ത് പല കാലചക്രങ്ങളിലായി  അവതരിക്കുമെന്നാണ് കരുതപ്പെടുന്നത്. ശാക്യമുനി അതില്‍ നാലാമത്തെ ബുദ്ധന്‍ മാത്രമാണ്. ഇനിയും എത്രയോ ബുദ്ധന്മാര്‍ വരാനിരിക്കുന്നു!

കൃഷ്ണനായിട്ടോ, കൃസ്തുവായിട്ടോ, അള്ളാ ആയിട്ടോ, ആരെങ്കിലും ഒരാളായിട്ട്  നീ തിരിച്ച് വരൂ. പുതിയ തലമുറയ്ക്ക് ഒരു അദ്ധ്യാപകന്റെ ആവശ്യമുണ്ട്, അത് നീ മാത്രമാണ്. ചെയ്ത തെറ്റുകള്‍ എല്ലാം ഞങ്ങളോട് പൊറുക്കണം. ഞങ്ങള്‍ കാത്തിരിക്കുന്നു, നീ തിരിച്ച് വരൂ, പെട്ടെന്ന് തിരിച്ച് വരൂ, കൃഷ്ണാ നീ ബേഗനേ ബാരോ................. എന്ന് നീളുന്ന,  ലെസ്‌ലി - ഹരിഹരന്‍ ടീമിന്റെ ‘കോളോണിയല്‍  കസിന്‍സ് ‘ എന്ന ആല്‍ബത്തിലെ മനോഹരമായ ഒരു ഗാനം ഈ അവസരത്തില്‍ ഓര്‍മ്മവരുന്നു.

29-)ം വയസ്സില്‍ സകലസൌഭാഗ്യങ്ങളും ഉപേക്ഷിച്ച് കൊട്ടാരം വീട്ടിറങ്ങി ജനനത്തിന്റേയും വാര്‍ദ്ധക്യത്തിന്റേയും മരണത്തിന്റേയും പൊരുള്‍ തേടി അലഞ്ഞ മഹാത്മാവേ...  ആയിരത്തില്‍ താഴെ അവതാരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുമ്പോള്‍, ലോകത്താകമാനം അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍,  ജീവിതയാഥാര്‍ത്ഥ്യത്തിന്റേയും, അഹിംസയുടേയും പാഠങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞ് തരാന്‍ നീ  പെട്ടെന്ന് തന്നെ അവതരിക്കൂ. നൂറ് കണക്കിന് ലാമമാര്‍, എനിക്ക് അജ്ഞാതമായ ഭാഷയില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഉരുവിടുന്ന പ്രാര്‍ത്ഥന അതുതന്നെയാണെന്ന് കരുതാനാണ് എനിക്കിഷ്ടം.
ക്ഷേത്രത്തിനകത്തെ നീളമുള്ള കുഴല്‍ വാദ്യോപകരണം.
ക്ഷേത്രത്തിനകത്ത് ബുദ്ധന്റെ പ്രതിമയ്ക്ക് വലത്തുവശം കാണുന്നത് അമിതായുസ്സ് ബുദ്ധന്റെ(Buddha of long life) പ്രതിമയാണ്. യുഗയുഗാന്തരങ്ങള്‍ക്ക് മുന്നേ തന്നെ ബോധോദയം ഉണ്ടായ ബുദ്ധനാണ് അമിതായുസ്സ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജീവജാലങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുന്നതെന്നാണ് വിശ്വാസം. ഈ ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ കുറഞ്ഞ് കുറഞ്ഞ് വരുകയാണെന്നും മനസ്സിലാക്കിപ്പോരുന്നു. അമിതായുസ്സ് ഭഗവാന്റെ നാമം, അദ്ദേഹത്തിന്റെ മന്ത്രങ്ങള്‍, ഗുണഗണങ്ങള്‍, ഇതൊക്കെ ചൊല്ലിയാല്‍ മരണത്തോട് അടുക്കുന്ന ഒരാള്‍ക്ക് പോലും ജീവിത ദൈര്‍ഘ്യം നീട്ടിക്കിട്ടുമെന്ന് വിശ്വസിച്ച് പോരുന്നു. 
ക്ഷേത്രത്തിനകത്ത് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന ലാമമാര്‍.
ബുദ്ധപ്രതിമയുടെ ഇടത്തുവശത്ത് കാണുന്നത് ഗുരു പത്മസംഭവ അഥവാ ‘ഗുരു റിമ്പോച്ചേ‘ യുടെ പ്രതിമയാണ്. ശ്രീബുദ്ധന്‍ മരിച്ച് 12 കൊല്ലത്തിനുശേഷം ഓഡിയാനയിലെ(ഇന്നത്തെ പാക്ക്-അഫ്‌ഗാന്‍ അതിര്‍ത്തി) സിന്ധു തടാകത്തിന്‍ കരയിലാണ് റിമ്പോച്ചേ ജനിച്ചത്. ഈ ജന്മരഹസ്യം ബുദ്ധഭഗവാന്‍ തന്നെ പ്രവചിച്ചിട്ടുള്ളതാണ്. 8-)ം നൂറ്റാണ്ടില്‍ ടിബറ്റിലെ 38-)മത്തെ രാജാവായ ട്രിസോങ്ങ് ഡ്യൂറ്റ്‌സാന്‍ (Trisong Deutsan) ബുദ്ധിസം സ്ഥാപിക്കാനും പ്രചരിപ്പിക്കാനുമൊക്കെയായി റിമ്പോച്ചെയെ ടിബറ്റിലേക്ക് ക്ഷണിച്ചു. റിമ്പോച്ചെയുടെ ശക്തിയിലും പ്രഭാവത്തിലും ടിബറ്റിലെ ദുഷ്ടശക്തികള്‍ ക്ഷയിക്കുകയുണ്ടായി. അന്നത്തെ ടിബറ്റ് ജനതയ്ക്ക് എന്നപോലെ ഭാവിതലമുറയ്ക്കും ഗുണകരമാകുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ പകര്‍ന്നുനല്‍കിയെന്ന കാരണത്താല്‍, രണ്ടാമത്തെ ശ്രീബുദ്ധനായിട്ടാണ്  ടിബറ്റുകാര്‍ ഗുരു റിമ്പോച്ചയെ കണക്കാക്കുന്നത്.
പഠനത്തില്‍ മുഴുകിയിരിക്കുന്ന ഒരു ലാമ വിദ്യാര്‍ത്ഥി.
3 പ്രതിമകളും ചെമ്പില്‍ നിര്‍മ്മിച്ച് അതിനുമേല്‍ സ്വര്‍ണ്ണം പൂശിയിട്ടുള്ളതാണ്. ഓരോ പ്രതിമകള്‍ക്ക് അകത്തും ബുദ്ധന്റെ മൊഴികള്‍ അടങ്ങുന്ന ലിഖിതങ്ങളും മറ്റ് ജീവജാലകങ്ങളെ പ്രതിനിധാനം ചെയ്യുന്ന കൊച്ച് കൊച്ച് പ്രതിമകളുമൊക്കെ അടക്കം ചെയ്തിട്ടുണ്ട്. ഈ മൂര്‍ത്തികള്‍ക്ക് മുന്നില്‍ നിന്നുള്ള പ്രാര്‍ത്ഥന,  വിശ്വാസവും സമാധാനവും സ്നേഹവും അനുകമ്പയും കനിവുമൊക്കെ മനസ്സിലുണ്ടാക്കി ദുഷ്ടവിചാരങ്ങളേയും ദുഷ്‌പ്രവര്‍ത്തികളേയും പുറന്തള്ളാന്‍ സഹായിക്കുമെന്നാണ് ബുദ്ധമത വിശ്വാസം.
ക്ഷേത്രത്തിലെ ചുവര്‍ച്ചിത്രങ്ങളിലൊന്ന്.
വിഗ്രഹങ്ങളുടെ ഇരുഭാഗങ്ങളിലെ ചുമരുകളെപ്പോലെ മറ്റ് ക്ഷേത്രച്ചുമരുകളും ചിത്രങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. ശ്രീബുദ്ധന്റെ ജിവിതത്തില്‍ നിന്നുള്ള ഏടുകളും റിമ്പോച്ചെയുടെ ചിത്രങ്ങളും അതില്‍ പ്രധാനപ്പെട്ടതാണ്. താന്ത്രിക്‍ ബുദ്ധിസത്തിന്റെ സ്വാധീനവും ഈ ചിത്രങ്ങളില്‍ പ്രകടമാണ്. താന്ത്രിക്‍ ബുദ്ധിസം പ്രകാരം സമാധാനത്തിന്റെ ദേവന്മാര്‍ സില്‍ക്ക് കൊണ്ടുള്ള വസ്ത്രങ്ങളും വിലപിടിച്ച ലോഹങ്ങളും കല്ലുകളും കൊണ്ടുമുള്ള ആഭരണങ്ങള്‍ അണിയുന്നവരാണ്. അതേ സമയം ഭീകരതയുള്ള (wrathful) ദേവന്മാര്‍ തുകല്‍ വസ്ത്രങ്ങളും എല്ലുകള്‍ കൊണ്ടുള്ള ആഭരണങ്ങളുമാണ് ധരിക്കുക. ചുവര്‍ച്ചിത്രങ്ങളില്‍ പലതിലും ഇത്തരം താന്ത്രിക്‍ ദേവന്മാര്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ബുദ്ധിസത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് മനസ്സിലാക്കേണ്ട ഇത്തരം കാര്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും ക്ഷേത്രത്തിനകത്ത് വിശദീകരിക്കപ്പെടുന്നുണ്ട്. ബുദ്ധിസത്തെപ്പറ്റി കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹം കുശാല്‍ നഗറിലും ബൈലക്കുപ്പയിലും പോകുമ്പോഴെല്ലാം എന്നെ പിടികൂടാറുണ്ടെങ്കിലും,  ഇപ്രാവശ്യം അത് കുറേക്കൂടെ കലശലായിത്തന്നെ സംഭവിച്ചിട്ടുണ്ട്.  
സുവര്‍ണ്ണ ക്ഷേത്രപരിസരത്ത് യാത്രാസംഘം.
കുറേ കുടുംബചിത്രങ്ങള്‍ എടുത്ത് ക്ഷേത്രപരിസരത്ത് അല്‍പ്പനേരംകൂടെ  ചിലവഴിച്ചതിനുശേഷം എല്ലാവരും ഉച്ചഭക്ഷണത്തിനായി കുശാല്‍നഗറിലെ കനിക റസ്റ്റോറന്റിലേക്ക് നീങ്ങി. ഭക്ഷണത്തിന് ശേഷം തൊട്ടടുത്തുള്ള കുടിഗേ(Kudige) എന്ന സ്ഥലത്തുള്ള ടാറ്റയുടെ കോഫി ഫാക്‍റ്ററിയില്‍ ഒരു സന്ദര്‍ശനം തരപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഒരിക്കല്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടീ പ്ലാന്റേഷന്‍ ആയ കൊളുക്കുമലയില്‍ പോയപ്പോള്‍ തേയില ഫാക്‍റ്ററി കാണാനായിട്ടുണ്ട്. തേയില അല്ലെങ്കില്‍ ചായയുടെ ആവിര്‍ഭാവത്തെപ്പറ്റി കേട്ടിട്ടുള്ള കഥ....  5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയിലെ ഒരു ഭരണാധികാരി സ്ഥിരമായി വെള്ളം ചൂടാക്കിയാണ് കുടിച്ചിരുന്നതെന്നും, ആ വെള്ളത്തില്‍ ഒരു കാട്ടുതേയില മരത്തില്‍ നിന്ന് ഇലകള്‍ പറന്ന് വീണ് വെള്ളത്തിന് രുചിവ്യത്യാസവും മണവും ഉണ്ടായെന്നും, പിന്നീടങ്ങോട്ട് അതിനെപ്പറ്റി നടത്തിയ പഠനങ്ങളും പരീക്ഷണങ്ങളുമാണ് ചായപ്പൊടി എന്ന കണ്ടുപിടുത്തത്തിലേക്ക് എത്തിയത് എന്നുമാണ്.

അങ്ങിനെയാണെങ്കില്‍ കുരുവില്‍ നിന്നുള്ള ഉല്‍പ്പന്നമായ കാപ്പിപ്പൊടി അല്ലെങ്കില്‍ കാപ്പിയുടെ ആവിര്‍ഭാവം അതിനേക്കാള്‍ രസകരമായിരിക്കണമല്ലോ ?! 

ടാറ്റയുടെ തന്നെ ജീവനക്കാരും കുടുംബവുമാണല്ലോ സന്ദര്‍ശകര്‍. അതുകൊണ്ടുതന്നെയായിരിക്കണം കാപ്പികൃഷി മുതല്‍ കാപ്പിക്കുരു ഫാക്‍റ്ററിയില്‍ എത്തുന്നതും തൊണ്ട് കളയുന്നതും   ഗുണനിലവാരത്തിനനുസരിച്ച്  തരം തിരിക്കുന്നതും വറുക്കുന്നതും പൊടിക്കുന്നതും പാക്കറ്റിലാക്കുന്നതിന് മുന്നേ ചിക്കറി ചേര്‍ക്കുന്നതുമൊക്കെ അടങ്ങിയ എല്ലാ കാര്യങ്ങളും ഫാക്‍റ്ററിലെ ഉദ്യോഗസ്ഥന്‍ വിശദമായിത്തന്നെ കൊണ്ടുനടന്ന് കാണിച്ചുതന്നു. വറുത്തുപൊടിച്ച കാപ്പിക്കുരുവിന്റെ രൂക്ഷഗന്ധം, പല കെട്ടിടങ്ങളില്‍ നിന്നും നാസാദ്വാരങ്ങളിലേക്ക് തുളച്ചുകയറി.
കാപ്പിക്കുരുകള്‍ തരം തിരിക്കപ്പെടുന്നു.
ഒരു കുരു, അതിന്റെ തോടിനുള്ളില്‍ രണ്ട് പരിപ്പുകള്‍, ഈ പരിപ്പുകള്‍ക്കും വളരെ സുതാര്യമായ ഓരോ തോടുകള്‍ ഉണ്ട്. ഈ കവചങ്ങള്‍ക്കൊക്കെ ഉള്ളില്‍ നിന്ന് പരിപ്പ് പുറത്തെടുത്ത് ഉണക്കി, വറുത്ത്, പൊടിച്ച് അത് ചൂട്  വെള്ളത്തില്‍ കലക്കി കുടിച്ചാലുള്ള സ്വാദിന്റേയും മണത്തിന്റേയും പിന്നാലെ പോയത്; അത് കണ്ട് പിടിച്ചത് ആരാണാവോ ? കാപ്പിക്കുരുവുമായി ഒരു ബന്ധവുമില്ലാത്ത ചിക്കറി ചേര്‍ത്താല്‍ കാപ്പിക്ക് കൂടുതല്‍ രുചി വരും എന്ന് കണ്ടുപിടിച്ചത് ആരാണാവോ ? ചിക്കറിയല്ലാത്ത മറ്റെന്തൊക്കെ വസ്തുക്കള്‍, ഇതുപോലെ കാപ്പിപ്പൊടിയില്‍ ചേര്‍ത്ത് നോക്കി പരീക്ഷിച്ചിട്ടുണ്ടാകാം, ഇന്ന് നാം ആസ്വദിക്കുന്ന കാപ്പിപ്പൊടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുന്നതിന് മുന്നേ ?
കോഫീ ടേസ്റ്റിങ്ങ് ടേബിളിന് ചുറ്റും അല്‍പ്പസമയം.
എനിക്ക് കൂടുതല്‍ കൌതുകകരമായി തോന്നിയത് ടീ ടേസ്റ്റര്‍ അല്ലെങ്കില്‍ കോഫി ടേസ്റ്റര്‍ എന്ന ജോലി ചെയ്യുന്നവരുടെ കാര്യമാണ്. ഒരാള്‍ക്ക് സ്വന്തം ജീവിതകാലത്ത് ലഭ്യമാകുന്ന ഒരുപാട് നല്ല രുചികള്‍ അവര്‍ ഈ ജോലിക്ക് വേണ്ടി ഉപേക്ഷിക്കുന്നു. എരിവ്, പുളി, ചവര്‍പ്പ് എന്നിങ്ങനെ എത്രയെത്ര രുചികള്‍ ആഗോള ജനതയ്ക്ക് വേണ്ടി  ഇവര്‍ ത്യജിക്കുന്നു. പുകവലി, മദ്യപാനം എന്ന കലാപരിപാടികളൊക്കെ പാടേ നിഷിദ്ധം. അതൊക്കെ പോകട്ടെ, നേരെ ചൊവ്വേ ഒരു സദ്യയോ സല്‍ക്കാരമോ കൂടാനാകുമോ ? ഒന്നൊന്നര കൊല്ലത്തെ പരിശീലനമൊക്കെ കഴിഞ്ഞ് ഈ ജോലിയിലേക്ക് കടക്കുന്നവര്‍ ടേസ്റ്റിങ്ങ് ഉദ്യോഗം 6 മാസത്തിലധികം ചെയ്യാതിരുന്നാല്‍ രുചി വ്യത്യാസം അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു എന്നതുകൂടെ എടുത്ത് പറയേണ്ട കാര്യമാണ്. എന്തെല്ലാം ത്യാഗങ്ങള്‍ ലോകത്തെവിടെയൊക്കെയോ ഉള്ള അജ്ഞാതരായ ഒരുപാട് വ്യക്തികള്‍ സഹിക്കുന്നതുകൊണ്ടാണ് പല സുഖസൌകര്യങ്ങളും നമ്മളനുഭവിക്കുന്നത്! എന്നിട്ട്   ഇക്കാര്യമൊക്കെ ഓര്‍ക്കാന്‍ നമുക്കവസരമുണ്ടാകുന്നത് ഇത്തരം ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രം. 

കോഫി ഫാക്‍റ്ററിയില്‍ നിന്ന് ഗോണിക്കുപ്പയിലേക്കുള്ള മടക്കവഴിയിലെ, ദുബാരേ എലിഫന്റ് സങ്കേതതില്‍ കുറച്ചുനേരം ചിലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അങ്ങോട്ടെത്തിയപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. കാവേരി നദി മുറിച്ച് കടന്നാല്‍ ആനപ്പുറത്ത് ഒരു സവാരിയും, അല്ലെങ്കില്‍ പുഴയില്‍ത്തന്നെ റാഫ്റ്റിങ്ങിനുമൊക്കെയുള്ള സൌകര്യം ഇവിടെയുണ്ട്. യാത്രകളില്‍ പൂരിപ്പിക്കപ്പെടാതെ ചില പാതകള്‍ അവശേഷിപ്പിക്കുന്നത് എപ്പോഴും നല്ലതാണ്. വീണ്ടും വീണ്ടുമുള്ള സന്ദര്‍ശനങ്ങള്‍ക്ക് കാരണമുണ്ടാക്കാന്‍ എളുപ്പ മാര്‍ഗ്ഗമാണത്.
ദുബാരേയിലെ കാവേരീ തീരം.
ഗസ്റ്റ് ഹൌസില്‍ മടങ്ങിയെത്തിയപ്പോള്‍ ഇരുട്ടായിക്കഴിഞ്ഞിരുന്നു. വഴി തെറ്റി കുറേ ദൂരം വണ്ടി ഓടിക്കേണ്ടിയും വന്നു. അടുത്ത ദിവസം രാവിലെ മാധവ് കുടുംബം കേരളത്തിലേക്ക് മടങ്ങി. ഞങ്ങള്‍ക്ക് ഇനി ഇന്നൊരു ദിവസം മുഴുവനും കൈയ്യിലുണ്ട്. ഒന്നുകൂടെ ബൈലക്കുപ്പയില്‍ പോകണം, ഗോള്‍ഡന്‍ ടെമ്പിളിലേക്ക് പോകുന്ന വഴിയുടെ ഇടതുവശത്തായി ചോളപ്പാടങ്ങള്‍ക്കപ്പുറം ഉയര്‍ന്ന് കാണാനിടയായ ഒരു കെട്ടിടം ഏതാണെന്ന് കണ്ടുപിടിക്കണമെന്നുണ്ടായിരുന്നു എനിക്ക്. കറക്കമൊക്കെ കഴിഞ്ഞ് ഇരുട്ട് വീഴുന്നതിന് മുന്നേ ബാംഗ്ലൂരെത്തിയാല്‍ മതി. ആവശ്യത്തിലധികം സമയം കൈയ്യിലുണ്ട്.  
കാവേരി നിസര്‍ഗ്ഗധമയിലേക്കുള്ള തൂക്കുപാലം.
ഞങ്ങളും ചെക്ക് ഔട്ട് ചെയ്ത് യമ്മിഗുണ്ടി ഗസ്റ്റ് ഹൌസില്‍ നിന്നിറങ്ങി. അവിടന്ന് ബൈലക്കുപ്പയിലേക്കുള്ള വഴിയില്‍ത്തന്നെയാണ് കാവേരി നിസര്‍ഗ്ഗധമ. കാവേരി നദിയാല്‍ ചുറ്റപ്പെട്ട 64 ഏക്കര്‍ വിസ്തൃതിയുള്ള ഒരു കൊച്ചുദ്വീപാണ് കാവേരി നിസര്‍ഗ്ഗധമ. വാഹനം പാര്‍ക്ക് ചെയ്ത് ടിക്കറ്റെടുത്ത് ഞങ്ങള്‍ നിസര്‍ഗ്ഗധമയിലേക്ക് കടന്നു. ദ്വീപിലേക്ക് കടക്കാന്‍ തൂക്കുപാലമുണ്ട്. പാലത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരത്തിലൂടെ കുരങ്ങുകള്‍ പാലത്തിലേക്ക് ചാടിക്കടന്ന് സഞ്ചാരികള്‍ക്ക് കൌതുകക്കാഴ്ച്ചയൊരുക്കുന്നു. നേരത്തേ ബുക്ക് ചെയ്താല്‍ ദ്വീപിലെ ട്രീ ഹൌസുകളില്‍  രാത്രി താമസം സൌകര്യപ്പെടുത്താം. ദ്വീപിലേക്ക് കടന്ന് അതിനകത്തെ മുളങ്കാടുകള്‍ക്കിടയിലൂടെ കുറേ നടന്ന്, നദിക്കരയിലേക്കിറങ്ങി അതിന്റെ കളകളാരവം ആസ്വദിച്ച് കുറേ നേരം നിന്നപ്പോള്‍ പെട്ടെന്നൊരു ഊര്‍ജ്ജസ്വലത വന്നുചേര്‍ന്നു.
കാവേരി പാടാം ഇനി.... - കാവേരി നിസര്‍ഗ്ഗധമയില്‍ നിന്ന് ഒരു കാഴ്ച്ച.
ഇല്ലിമുളം കാടുകളില്‍ ലല്ലലലം പാടിവരും... - മറ്റൊരു ദൃശ്യം.
കാവേരീ തീരത്ത് അല്‍പ്പനേരം... റീചാര്‍ജ്ജിങ്ങ് പോയന്റ്
ഉച്ചഭക്ഷണത്തിന് മുന്നേ കുശാല്‍നഗറില്‍ നിന്ന് പിരിയണമെന്നുള്ളതുകൊണ്ട് പെട്ടെന്ന് തന്നെ ഗോള്‍ഡന്‍ ടെമ്പിളിലേക്കുള്ള വഴിയിലേക്ക് യാത്ര തുടര്‍ന്നു. കണ്ടുപിടിക്കണമെന്ന്‍ ആഗ്രഹിച്ചിരുന്ന കെട്ടിടത്തിന് മുന്നിലേക്ക് വണ്ടി ഓടിച്ച് നേരിട്ട് ചെന്നുകയറാനായി. അതും ഒരു ക്ഷേത്രമാണ്, പുതുതായി നിര്‍മ്മിച്ചത്.
ചോളപ്പാടങ്ങള്‍ക്കിടയില്‍ മറ്റൊരു ബുദ്ധക്ഷേത്രം.
കുത്തനെയുള്ള പടികള്‍ കയറി വേണം ക്ഷേത്രത്തിനകത്തേക്ക് കടക്കാന്‍. പെട്ടെന്ന് യൂണിഫോം ധരിച്ച കാവല്‍ക്കാരന്‍ തടഞ്ഞു. അകത്ത് ഫോട്ടോ എടുക്കാന്‍ പാടില്ല. ക്യാമറ കാറിനകത്ത് വെച്ച് പടികള്‍ കയറി അകത്തേക്ക് ചെന്നപ്പോള്‍ കണ്ണുകള്‍ക്ക് ഒരു സദ്യ തരപ്പെട്ടതുപോലെ.

45 അടിയ്ക്ക് മുകളില്‍ ഉയരം വരുന്ന സുവര്‍ണ്ണ ബുദ്ധപ്രതിമയാണ് അകത്തുള്ളത്. ചുറ്റുമുള്ള തൂണുകളില്‍ ചൈനീസ് ഡ്രാഗണുകള്‍ ചുറ്റിപ്പിടിച്ച് വായ് പിളര്‍ന്ന് തീ തുപ്പി നിലകൊള്ളുന്നു. നോക്കി നിന്നുപോയി കുറേയേറേ നേരം. പിന്നീട് ഹാളിന്റെ ഒത്തനടുക്ക് ആ തറയില്‍ ഇരുന്നു മൂവരും.

ഒരു ആരാധനാലയം ഒറ്റയ്ക്ക് തുറന്ന് കിട്ടിയിരിക്കുന്നു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ചുരുക്കം ചിലപ്പോള്‍ ഇതുപോലുള്ള നിശബ്ദമായ പ്രാര്‍ത്ഥനകള്‍ക്ക് അവസരം ഒത്തുവരുന്നത് ഒരു ഭാഗ്യംതന്നെ. പുതിയ ഈ ക്ഷേത്രത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും അറിയാന്‍ ആരെ സമീപിക്കണം എന്ന് കാവല്‍ക്കാരനോട് ആരാഞ്ഞപ്പോള്‍ നിരാശാജനകമായ മറുപടിയാണ് കിട്ടിയത്. ദലൈലാമയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഔദ്യോഗിക മീറ്റിങ്ങുകള്‍ നടക്കുന്നതുകൊണ്ട് ആരേയും ഇപ്പോള്‍ കാണാനാകില്ല. മനസ്സില്ലാമനസ്സോടെ പടികള്‍ ഇറങ്ങി കാറിനടുത്തേക്ക് നടന്നു, വെളിയില്‍ നിന്ന് ക്ഷേത്രത്തിന്റെ ചിത്രങ്ങളെടുത്തു.
പുതിയ ക്ഷേത്രത്തിന്റെ മുന്‍‌വശം.
കിഴക്കിന്റെ സ്‌ക്കോട്ട്‌ലാന്‍ഡിനോട് തല്‍ക്കാലം വിട. ബാംഗ്ലൂരിലെ ചില പഴയ സുഹൃത്തുക്കളെ കാണാനായിട്ടാണ് അടുത്ത രണ്ട് ദിവസം മാറ്റിവെച്ചിരിക്കുന്നത്. അതുകഴിഞ്ഞ് കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍, നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ടൂറിന് പോയ ഒരു സ്ഥലത്തിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ക്ക് മിഴിവേകാനുള്ള ചില പദ്ധതികളൊക്കെ എന്റെ മനസ്സിലുണ്ടായിരുന്നു.  

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.